1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2017

സ്വന്തം ലേഖകന്‍: ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി മക്രോണ്‍ ഞായറാഴ്ച അധികാരമേല്‍ക്കും, യൂറോപ്പില്‍ അധികാര സമവാക്യങ്ങള്‍ മാറിയേക്കുമെന്ന് നിരീക്ഷകര്‍, പ്രതീക്ഷയോടെ ബ്രിട്ടന്‍. നെപ്പോളിയനു ശേഷം ഫ്രാന്‍സിന്റെ നേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി മുപ്പത്തൊമ്പതാമത്തെ വയസ്സില്‍ സ്വന്തമാക്കിയാണ് മക്രോണ്‍ ഫ്രഞ്ചു പ്രസിഡന്റാകുന്നത്. മൂന്നു വര്‍ഷം മുമ്പു വരെ ആര്‍ക്കും അറിയാമായിരുന്നില്ല മക്രോണിനെ.

തന്നേക്കാള്‍ 24 വയസ്സിനു മൂത്ത 64കാരിയായ അധ്യാപിക ബ്രിഗിറ്റ ഓസിറയെ 16 വയസു മുതല്‍ പ്രണയിച്ച് 29 ആം വയസ്സില്‍ വിവാഹം കഴിച്ചതിന്റെ പേരിലാണ് മക്രോണ്‍ ലോക മാധ്യമങ്ങളില്‍ നിറഞ്ഞതെങ്കില്‍, അതിനേക്കാള്‍ വിചിത്രവും അത്ഭുതകരവുമായ വഴികളിലൂടെയാണ് അദ്ദേഹം ഫ്രാന്‍സിന്റ പ്രസിഡന്റ് പദവിയിലെത്തിയത്. 1958 മുതല്‍ സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ മാറിമാറി ഭരിച്ചിരുന്ന ഫ്രാന്‍സിന്റെ മുന്‍കാല ചരിത്രം തിരുത്തിക്കൊണ്ടാണ് മക്രോണിന്റെ എന്‍മാര്‍ഷേ അധികാരത്തിലെത്തിയത്.

രണ്ടു വര്‍ഷം ഫ്രാന്‍സിന്റെ സാമ്പത്തികകാര്യ ക്യാബിനറ്റ് മന്ത്രി എന്ന മേല്‍വിലാസത്തിനപ്പുറം മക്രോണിന് സ്വന്തമായി ഒന്നുമുണ്ടായിരുന്നില്ല. ഇടതു പക്ഷത്തേയും ദേശീയ വലതു പക്ഷത്തെയും വെല്ലുവിളിച്ച് പ്രസിഡന്റാവാന്‍ ശ്രമിക്കും എന്നു പ്രഖ്യാപിച്ചപ്പോള്‍ അതിമോഹം എന്നു പരിഹസിച്ചവരും ഏറെ. മുന്നോട്ട് എന്നര്‍ഥമുള്ള എന്‍ മാര്‍ച്ച് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം കൊടുത്തിട്ടു തന്നെ ഒരു വര്‍ഷത്തിലേറെ ആയിട്ടില്ല.

തൊണ്ണൂറുകളുടെ തുടക്കത്തില്‍, ബിരുദ വിദ്യാര്‍ഥിയായിരിക്കെ ഫ്രഞ്ച് സൈദ്ധാന്തികന്‍ പോള്‍ റിക്കോറിന്റെ സഹായിയായിരുന്നു മക്രോണ്‍. 2016 ല്‍ തന്റെ റെവല്യൂഷന്‍ എന്ന കൃതിയുടെ ആമുഖത്തില്‍ മക്രോണ്‍ എഴുതി, പരാജയങ്ങളെ ഞാന്‍ നേരിട്ടിട്ടുണ്ട്. പലപ്പോഴും കടുത്ത പരാജയങ്ങളെ, എന്നാല്‍ തിരിച്ചു നടക്കാന്‍ ഞാന്‍ ഒരിക്കലും എന്നെ അനുവദിച്ചിട്ടില്ല. മധ്യ ഇടത്, മധ്യ വലത് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികലേയും തീവ്ര വലത് സ്ഥാനാര്‍ത്ഥി ലെ പെന്നിനെയും അരിഞ്ഞു തള്ളാന്‍ മക്രോണിനെ സഹായിച്ചതും ഈ പോരാട്ട വീര്യമാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യഘട്ടത്തില്‍ മുന്നിലായിരുന്ന മധ്യവലത് സ്ഥാനാര്‍ത്ഥി ഫ്രാങ്കോയിസ് ഫില്ലോണിനെതിരെ ഉയര്‍ന്ന അപവാദം പ്രചരണവും കരുത്തനായ സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥി ബെനോയിറ്റ് ഹാമോണിനെ പരമ്പരാഗത വോട്ടര്‍മാര്‍ കൈവിട്ടതും മക്രോണിന് തുണയായി. നിലവിലെ ഫ്രാന്‍സില്‍ ആര്‍ക്കും അധികാരത്തില്‍ എത്താന്‍ മതിയായ ജനപ്രിയതയോ മുന്‍തൂക്കമോ ഇല്ലെന്ന് കൃത്യമായി തിരിച്ചറിഞ്ഞതാണ് മക്രോണിന്റെ വിജയമെന്ന് ചില നിരീക്ഷകര്‍ കരുതുന്നു.

2016 ഏപ്രിലില്‍ എന്‍ മാര്‍ഷെ (മുന്നോട്ട്) എന്ന ഒരു പ്രസ്ഥാനത്തിന് ആ ശൂന്യതയെ മറികടക്കുന്നതിലായിരുന്നു മക്രോണിന്റെ തന്ത്രം വിജയിച്ചത്. നാല് മാസത്തിന് ശേഷം ഫ്രാങ്കോയിസ് ഹോളാണ്ടെയുടെ സര്‍ക്കാരില്‍ നിന്നും അദ്ദേഹം രാജി വെക്കുകയും ചെയ്തു.പരിചയസമ്പത്തില്ലാത്തവരെങ്കിലും ആവേശഭരിതരായ എന്‍ മാര്‍ഷെ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ബിഗ് മാര്‍ച്ച് നടത്തിയ മക്രോണ്‍ 3,00,000 പാര്‍പ്പിടങ്ങളില്‍ ഈ പ്രവര്‍ത്തകരെ അയച്ച് 15 മിനിട്ടുകള്‍ വരെ ദൈര്‍ഘ്യമുള്ള 25,000 അഭിമുഖങ്ങളും വോട്ടര്‍മാരുമായി നടത്തിച്ചു.

നിരാശാജനകമായ അവസ്ഥയിലായിരുന്ന ഫ്രാന്‍സുകാരെ ഉത്തേജിപ്പിക്കുന്ന, അവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന സന്ദേശങ്ങള്‍ നല്‍കാന്‍ മക്രോണിന് സാധിച്ചു. താന്‍ ഫ്രാന്‍സിന് വേണ്ടി എന്ത് ചെയ്യാന്‍ പോകുന്നു എന്ന് വിശദീകരിച്ച് അദ്ദേഹം സമയം കളഞ്ഞില്ല. പക്ഷെ, എങ്ങനെയൊക്കെ ജനങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും എന്ന സന്ദേശം അദ്ദേഹം വ്യക്തമായി നല്‍കി. ബ്രെക്‌സിറ്റ് ഹിതപരിശോധനക്കു ശേഷം യൂറോപ്പില്‍ ഒറ്റപ്പെട്ടു പോയ ബ്രിട്ടനും ഏറെ ആകാംഷയോടെയാണ് മിതവാദിയും തുറന്ന മനസ്‌കനുമായി കരുതപ്പെടുന്ന മക്രോണിനെ കാത്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.