സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഞായറാഴ്ച, ശക്തമായ മുന്നേറ്റവുമായി മക്രോണ്‍. ഫ്രഞ്ചുകാര്‍ ഞായറാഴ്ച പോളിംഗ് ബൂത്തിലെത്തുമ്പോള്‍ 39 കാരനായ മക്രോണിന് അനുകൂലമാകും ജനവിധിയെന്നാണ് ഇതുവരെയുള്ള സര്‍വേകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയായാല്‍ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകും മക്രോണ്‍. എന്നാല്‍ 48 വയസുള്ള തീവ്രവലതുപക്ഷ ദേശീയവാദി നേതാവ് മരീന്‍ ലെ പെന്നിന്റെ ജനപിന്തുണയും ഏപ്രില്‍ 23ലെ ഒന്നാം റൗണ്ടിനു ശേഷം ഇരട്ടിച്ചത് പോരാട്ടം കനത്തതാകും എന്ന സൂചന നല്‍കുന്നു.
എങ്കിലും മാക്രോണിനു വലിയ ലീഡ് ഇപ്പോഴുമുണ്ട്. രണ്ടായാലും കഴിഞ്ഞ നാലുദശകക്കാലത്തെ ഇരുകക്ഷി (റിപ്പബ്ലിക്കനും സോഷ്യലിസ്റ്റും) ഭരണത്തിന് ഫ്രാന്‍സ് ഇതോടെ അന്ത്യംകുറിക്കും. പുതിയ തലമുറ നേതൃത്വത്തില്‍ വരും. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായുള്ള ടെലിവിഷന്‍ സംവാദത്തിലും മാക്രോണിനായിരുന്നു മുന്‍തൂക്കം. സംവാദത്തില്‍ മാക്രോണിന് 63 ശതമാനം പേര്‍ പിന്തുണച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഫ്രഞ്ച് ടെലിവിഷനായ ബിഎഫ്എംടിവിയാണ് രണ്ടുമണിക്കൂറിലേറെ നീണ്ട സംവാദം സംഘടിപ്പിച്ചത്. രാജ്യം നേരിടുന്ന ഗുരുതര വിഷയമായ ഭീകരവാദം, സമ്പദ്ഘടന, യൂറോപ്പുമായുള്ള ബന്ധങ്ങള്‍ തുടങ്ങിയവ സംവാദത്തില്‍ ചര്‍ച്ചയായി. കുടിയേറ്റം നിരോധിക്കണം, യൂറോപ്പുമായുള്ള ബന്ധം പുനഃപരിശോധിക്കണം തുടങ്ങിയ തീവ്രനിലപാടുകളുള്ള ലീ പെന്‍ മാക്രോണിനെതിരെ കടുത്ത വിമര്‍ശനമാണ് സംവാദത്തില്‍ ഉന്നയിച്ചത്. എന്നാല്‍ ലീ പെന്നിന്റെ ആരോപണങ്ങള്‍ വിദഗ്ദമായി പ്രതിരോധിച്ച മാക്രോണ്‍, തന്റെ നിലപാടുകള്‍ സംവാദം വീക്ഷിച്ച 63 ശതമാനം പേരെയും ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചതായി ടിവി അധികൃതര്‍ വ്യക്തമാക്കി.
സാമ്പത്തിക വിഷയങ്ങളില്‍ ഉദാരനിലപാട് സ്വീകരിക്കുകയും യൂറോപ്യന്‍ യൂണിയനെ പിന്തുണക്കുകയും ചെയ്യുന്ന നിലപാടാണ് 39 കാരനായ മാക്രോണിന്റേത്. ഏപ്രില്‍ 23 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്കും 50 ശതമാനത്തിലേറെ വോട്ടുനേടാനായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വോട്ടെടുപ്പ് രണ്ടാംഘട്ടത്തിലേയ്ക്ക് നീണ്ടത്. ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവിടുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല