1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2021

സ്വന്തം ലേഖകൻ: ജപ്പാനിലെ പുതിയ പ്രധാനമന്ത്രിയായി ഫ്യൂമിയോ കിഷിദ ചുമതലയേറ്റു. കോവിഡ് മഹാമാരിയിൽ നിന്ന് സമ്പത്തിക വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയെന്ന ഉത്തരവാദിത്വവുമായാണ് കിഷിദ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. 64കാരനായ ഫ്യൂമിയോ കിഷിദയെ കഴിഞ്ഞദിവസം ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) നേതാവായി തെരഞ്ഞെടുത്തിരുന്നു.

ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നടന്ന മത്സരത്തില്‍ താരോ കോനോയൊ പരാജയപ്പെടുത്തിയാണ് ഫ്യൂമിയോ പ്രധാനമന്ത്രി പദത്തിലെത്തിയത്. ജപ്പാന്‍റെ നൂറാമത്തെ പ്രധാനമന്ത്രി എന്ന സവിശേഷതയുമായാണ് കിഷിദ ഭരണത്തിലേക്ക് എത്തുന്നത്.

നേരത്തെ ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെ സർക്കാരിൽ വിദേശ കാര്യ മന്ത്രിയായി കിഷിദ പ്രവർത്തിച്ചിരുന്നു. 2012 മുതൽ 2017 വരെയായിരുന്നു അത്. വിദേശകാര്യ മന്ത്രിയായിരുന്ന കാലത്ത് ആണവായുധങ്ങളുടെ നിര്‍മാണത്തിനും പ്രയോഗത്തിനുമെതിരെ ഫ്യൂമിയോ കിഷിദ സ്വീകരിച്ച നിലപാടുകള്‍ ലോകശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഷിന്‍സോ ആബെ ആരോഗ്യപ്രശ്നങ്ങള്‍ മൂലം സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ യോഷിഹിതെ സുഗയായിരുന്നു പ്രധാനമന്ത്രി പദത്തിലെത്തിയത്. അന്ന് കിഷിഡയെ പരാജയപ്പെടുത്തിയാണ് സുഗ അധികാരത്തിലേറിയത്. എന്നാൽ സ്ഥാനമേറ്റ് സ്ഥാനമേറ്റ് ഒരുവര്‍ഷത്തിനുള്ളിൽ തന്നെ സുഗ രാജിവയ്ക്കുകയായിരുന്നു.

യോഷിഹിതെ സുഗ പ്രധാനമന്ത്രി പദം രാജിവച്ചതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ പാർട്ടി തെരഞ്ഞെടുത്തത്. വൈകാതെ തന്നെ പുതിയ കാബിനറ്റ് പ്രഖ്യാപനം ഉണ്ടായേക്കും. സുഗയുടെ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രി തോഷിംസു മൊടേഗിയും പ്രതിരോധ മന്ത്രി നോബോ കിഷിയും ഫ്യൂമിയോയുടെ കാബിനറ്റിലും തുടരാനാണ് സാധ്യത.

താന്‍ നേതാവാകുകയാണെങ്കില്‍ ആദ്യം നടപ്പിലാക്കാന്‍ പോകുന്നത്, സാമ്പത്തിക ഏകീകരണമായിരിക്കുമെന്ന് കിഷിദ നേരത്തെ പറഞ്ഞിരുന്നു. കോവിഡില്‍ തകര്‍ന്ന സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായുള്ള നിരവധി പദ്ധതികള്‍ ആവിഷികരിക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നു.

രാഷ്ട്രീയക്കാരുടെ നീണ്ട നിരയുള്ള കുടുംബത്തില്‍ നിന്നാണ് കിഷിദ വരുന്നത്. പിതാവിന്റെയും മുത്തച്ഛന്റെയും പാത പിന്തുടര്‍ന്ന് 1993 ലാണ് അദ്ദേഹം ആദ്യമായി രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.