
സ്വന്തം ലേഖകൻ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഫെബ്രുവരി 28 ന് മരണമടഞ്ഞ ഗ്‌ളോസ്റ്ററിലെ മലയാളി നഴ്സ് ബിന്ദു ലിജോയുടെ(46) പൊതുദർശനവും സംസ്കാരവും നടത്തി. ഗ്‌ളോസ്റ്ററിലെ മാറ്റ്‌സണില്‍ ഉള്ള സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ രാവിലെ 9. 30 ന് പൊതുദർശനം ആരംഭിച്ചു. തുടർന്നു നടന്ന കുർബാനയ്ക്കു ശേഷം ഉച്ചയ്ക്ക് 1.30 ന് കോണി ഹില്‍ സെമിത്തേരിയിലാണ് സംസ്കാരം നടത്തിയത്. സംസ്കാര ശുശ്രൂഷകൾക്ക് സിറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷനായ മാര്‍ ജോസഫ് സാമ്പ്രിക്കല്‍ മുഖ്യ കാർമികത്വം വഹിച്ചു.
ഫാ. ജോസ് അഞ്ചാണിക്കൽ, ഫാ. ജോണി വെട്ടിക്കൽ, ഫാ. ടോണി പഴയകാലം, ഫാ. ടോണി കട്ടക്കയം , ഫാ. മാത്യു കുരിശുംമൂട്ടിൽ, ഫാ. സിബി കുര്യൻ, ഫാ. ജിബിൻ വാമറ്റത്തിൽ എന്നിവർ സഹ കാർമികത്വം വഹിച്ചു. ഭർത്താവ് ലിജോയും മക്കളായ സാൻസിയ, അലിസിയ, അനിന, റിയോൺ എന്നിവരും അന്ത്യചുംബനം നൽകി. ബിന്ദുവിന്റെ മാതാപിതാക്കൾ മകളെ ഏറെ ദുഃഖത്തോടെ യാത്രയാക്കിയത് കണ്ടു നിന്നവരിൽ നൊമ്പരമുണർത്തി. സംസ്കാര ചടങ്ങിൽ ബന്ധുക്കളും സഹപ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
ഒരു വര്‍ഷം മുൻപ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ച ബിന്ദു കഴിഞ്ഞ രണ്ടു മാസമായി പാലിയേറ്റിവ് കെയര്‍ സംരക്ഷണത്തില്‍ വീട്ടില്‍ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്. ഗ്‌ളോസ്റ്റർഷെയർ റോയൽ എൻഎച്ച്എസ് ഹോസ്പിറ്റലിലെ നഴ്സ് ആയിരുന്നു. അസുഖത്തെ തുടർന്ന് അവധിയിൽ പ്രവേശിച്ചിരുന്നു. കടുത്തുരുത്തി വല്ലയില്‍ വി.ജെ. ജോണിന്റെയും അന്നമ്മ ജോണിന്റെയും മകളായ ബിന്ദുവിന്റെ ചികിത്സയോടനുബന്ധിച്ച് മാതാപിതാക്കള്‍ യുകെയിൽ എത്തിയിരുന്നു.
ബിന്ദുവിന്റെ ഭര്‍ത്താവ് ലിജോ അങ്കമാലി പള്ളിപ്പാട് കുടുംബാംഗമാണ്. ഗ്ലോസ്റ്റര്‍ഷെയറില്‍ താമസിക്കുന്ന ബിജോയ് ജോണ്‍ സഹോദരനാണ്. ഓസ്ട്രേലിയയിൽ ഉള്ള ബിബിൻ ഇളയ സഹോദരനാണ്. ഗ്‌ളോസ്റ്ററിലെ കേരള കൾച്ചറൽ അസോസിയേഷനിലും പ്രാർഥന കൂട്ടായ്മകളിലും വളരെ സജീവമായിരുന്ന ബിന്ദു എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല