1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2021

സ്വന്തം ലേഖകൻ: ജി 20 രാജ്യങ്ങളുടെ 16–ാം ഉച്ചകോടി റോമില്‍ സമാപിച്ചു.നേതാക്കളുടെ ഇടയില്‍ കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള ശക്തമായ സൂചന നല്‍കിയാണ് രാഷ്ട്രത്തലവന്മാര്‍ പിരിഞ്ഞത്.ഭൂമിയുടെ രക്ഷയ്ക്കായി ആഗോള താപവര്‍ദ്ധന 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തണമെന്ന് ലോകനേതാക്കള്‍ തീരുമാനിച്ചു.

അതേസമയം വ്യാവസായികവും വളര്‍ന്നുവരുന്നതുമായ രാജ്യങ്ങള്‍ കാലാവസ്ഥാ സംരക്ഷണത്തില്‍ ഏറ്റവും കുറഞ്ഞ സമവായത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അറിയിച്ചു. ആദ്യ ദിവസത്തിലെ ചര്‍ച്ചയില്‍ കോവിഡ് വാക്സിന്‍ ആഗോള തലത്തില്‍ എല്ലാ രാജ്യങ്ങളിലും ലഭ്യമാക്കാന്‍ ഉച്ചകോടി ആഹ്വാനം ചെയ്തു. കാലാവസ്ഥയും പരിസ്ഥിതിയുമായിരുന്നു രണ്ടാം ദിവസത്തെ മുഖ്യ അജണ്ട.

രാജ്യാന്തര സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന നിലയ്ക്കാണ് ഇന്ത്യ ജി 20 ഉച്ചകോടിയില്‍ സംസാരിച്ചത്. വാക്സിന്‍ മൈത്രിയില്‍ കൂടുതല്‍ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്ക് അഞ്ഞൂറ് കോടി ഡോസ് വാക്സിന്‍ ഉത്പാദിപ്പിക്കാനാകുമെന്ന് ഉച്ചകോടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

റോം പ്രഖ്യാപനത്തില്‍ ഇന്ത്യയുടെ നിര്‍ദേശം ഉള്‍പ്പെടുത്തിയത് മോദിയുടെ തിളക്കം കൂട്ടി. കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അംഗരാജ്യങ്ങള്‍ പരസ്പരം ബഹുമാനിക്കണമെന്ന ഇന്ത്യയുടെ നിര്‍ദേശമാണ് റോമിലെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിര്‍ദേശങ്ങളും പ്രഖ്യാപനത്തിന്റെ ഭാഗമായി. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന എട്ടാമത് ജി 20 ഉച്ചകോടിയായിരുന്നു ഇത്.

ജി 20 ഉച്ചകോടിയുടെ അവസാന ദിവസം റോമിലെ പ്രശസ്തമായ ത്രേവി ഫൗണ്ടൻ സന്ദർശിച്ച ലോകനേതാക്കൾ ജലധാരയിൽ നാണയങ്ങൾ എറിഞ്ഞു. ത്രേവി ഫൗണ്ടനിൽ നാണയങ്ങൾ എറിഞ്ഞാൽ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമെന്നും വീണ്ടും ഇവിടേയ്ക്ക് തിരിച്ചുവരാൻ കഴിയുന്നെന്നുമാണ് ഐതിഹ്യം. ജി 20 ഉച്ചകോടിയുടെ അവസാന ദിവസമായ ഞായറാഴ്ചയാണ് നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ ഒരുമിച്ച് ത്രേവി ഫൗണ്ടൻ സന്ദർശിക്കാനെത്തിയത്.

കാലങ്ങളായി പ്രചരിച്ചുവരുന്ന ഐതിഹ്യത്തിന്റെ ഭാഗമായി എല്ലാ നേതാക്കളും ജലധാരയിലേക്ക് നാണയങ്ങൾ എറിഞ്ഞു. ജലധാരയ്ക്ക് പുറംതിരിഞ്ഞുനിന്ന് വലതുകൈയിൽ നാണയംപിടിച്ച് ഇടതു തോളിനു മുകളിലൂടെ ഹൃദയത്തിനു കുറുകെ പിന്നിലേക്ക് ഉയർത്തി എറിയുക എന്നതാണ് ഇവിടുത്തെ രീതി. ഓരോ ദിവസവും ശരാശരി 3000 യൂറോയിലേറെ ത്രേവി ഫൗണ്ടനിലേക്ക് എറിയപ്പെടാറുണ്ടത്രേ. ഇവിടെനിന്നു ശേഖരിക്കുന്ന പണം റോമിലെ ക്രിസ്ത്യൻ ചാരിറ്റി സംഘടനയായ കാരിത്താസിന് കൈമാറുകയാണ് പതിവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.