1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2017

സ്വന്തം ലേഖകന്‍: ‘ചില രാഷ്ട്രങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു,’ ജി20 ഉച്ചകോടിയില്‍ പാകിസ്താനെതിരെ ഒളിയമ്പെയ്ത് നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ജിന്‍പിങുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയിബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളുടെ പേരെടുത്ത് പറഞ്ഞായിരുന്നു മോഡിയുടെ വിമര്‍ശനം. ചില രാഷ്ട്രങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി തീവ്രവാദത്തെ ഉപയോഗിക്കുന്നതായി മോഡി വിമര്‍ശിച്ചു. ഇത്തരം രാജ്യങ്ങള്‍ക്കെതിരെ ജി20 രാജ്യങ്ങളുടെ ശക്തമായ നടപടി ഉണ്ടാകണമെന്നും മോഡി ആവശ്യപ്പെട്ടു.

ജി20 ഉച്ചകോടിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി പാകിസ്താനെതിരെ ആഞ്ഞടിച്ചത്. ലഷ്‌കര്‍, ജെയ്‌ഷെ മുഹമ്മദ്, ഇസ്ലാമിക് സ്‌റ്റേറ്റ് തുടങ്ങി പേരുകള്‍ വ്യത്യസ്തമാണെങ്കിലും ഇവരുടെ ആശയങ്ങള്‍ ഒന്നാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദത്തിനെതിരായ ആഗോള പ്രതികരണം ദുര്‍ബലമാണെന്നത് ഖേദകരമാണ്. തീവ്രവാദത്തിനെതിരെ കൂടുതല്‍ സഹകരണം വേണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡെണാള്‍ഡ് ട്രംപ്, വ്‌ളാദിമിര്‍ പുടിന്‍, ജിന്‍പിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

ജി20 രാജ്യങ്ങള്‍ തമ്മില്‍ തീവ്രവാദികളുടെ പട്ടിക കൈമാറുന്നത് ഉള്‍പ്പെടെ 11 നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി ഉച്ചകോടിയില്‍ അവതരിപ്പിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടും ആയുധങ്ങളും ലഭ്യമാക്കുന്നത് തടയുന്നതിനും തീവ്രവാദ ബന്ധമുള്ളവരെ രാജ്യങ്ങള്‍ കൈമാറുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി സമര്‍പ്പിച്ചു. വിദ്വേഷം പ്രചരിപ്പിക്കലും കൂട്ടക്കുരുതികള്‍ നടത്തലും മാത്രമാണ് തീവ്രവാദികളുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ജിന്‍പിങും അപ്രതീക്ഷിത കൂടിക്കാഴ്ചയും നടത്തി. ഇരുവരും ചില പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്‌ലെ ട്വീറ്റ് ചെയ്തു. അടുത്ത ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ചൈനയ്ക്ക് മോദി ആശംസകള്‍ നേര്‍ന്നപ്പോള്‍ ഭീകരവാദത്തിനെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ പേരില്‍ ചൈനീസ് പ്രസിഡന്റ് ഇന്ത്യയെ പുകഴ്ത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.