1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2017

സ്വന്തം ലേഖകന്‍: രാസായുധ പ്രയോഗം, സിറിയ ഒറ്റപ്പെടുന്നു, പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് രാജിവക്കണമെന്ന ആവശ്യവുമായി ജി7 രാജ്യങ്ങള്‍, റഷ്യക്കതിരെ രൂക്ഷ വിമര്‍ശനം. സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തിനെതിരെ രംഗത്തെത്തിയ ജി7 രാജ്യങ്ങള്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറിനേയും അദ്ദേഹത്തിന് പരസ്യപിന്തുണ നല്‍കുന്ന റഷ്യയേയും രൂക്ഷമായി വിമര്‍ശിച്ചു.

അമേരിക്കയുടെ നേതൃത്വത്തില്‍ കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ തിങ്കളാഴ്ച ഇറ്റലിയിലെ ടൂറിനില്‍ കൂടിക്കാഴ്ച നടത്തി. യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധിയും പങ്കെടുത്ത യോഗത്തില്‍ സിറിയന്‍ സംഘര്‍ഷത്തില്‍നിന്ന് എങ്ങനെ റഷ്യയെ പിന്തിരിപ്പിക്കമെന്ന് വിശദമായ ചര്‍ച്ച നടന്നു. ബശ്ശാറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് യോഗശേഷം ജി7 രാജ്യങ്ങള്‍ റഷ്യയെ അറിയിച്ചിട്ടുണ്ട്.

ഈ ആവശ്യം ഉന്നയിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടെല്ലേഴ്‌സന്‍ ചൊവ്വാഴ്ച മോസ്‌കോയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി ചര്‍ച്ച നടത്തും. രാസായുധപ്രയോഗത്തെ തുടര്‍ന്ന് അമേരിക്ക സിറിയന്‍ വ്യോമനിലയത്തില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ജി 7 രാജ്യങ്ങള്‍ ടൂറിനിലെത്തിയത്. ബശ്ശാറിനുള്ള സൈനിക പിന്തുണ റഷ്യ പിന്‍വലിക്കുകയെന്നതാണ് സിറിയന്‍ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള മാര്‍ഗമായി ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന പ്രധാന തീരുമാനം.

ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ തെന്റ മോസ്‌കോ യാത്ര മാറ്റിവെച്ചത് ഈ സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായിരുന്നു. 2013 ല്‍ സിറിയയിലെ രാസായുധങ്ങള്‍ മാറ്റുന്നതില്‍ ജി7 രാജ്യങ്ങളുമായി റഷ്യ സഹകരിച്ചിരുന്നു. രാസായുധങ്ങള്‍ മാറ്റാനും റഷ്യ മുന്‍കൈയെടുത്തു. എന്നാല്‍, ഇതില്‍ റഷ്യ വീഴ്ചവരുത്തിയെന്നാണ് ഇപ്പോള്‍ ജി7െന്റ വിലയിരുത്തല്‍. അന്ന് രാസായുധങ്ങള്‍ പൂര്‍ണമായും മാറ്റിയിട്ടില്ലെന്നാണ് ഇപ്പോഴത്തെ ആക്രമണങ്ങള്‍ വ്യക്തമാക്കുന്നതെന്നും ജി7 രാജ്യങ്ങള്‍ ആരോപിക്കുന്നു.

ബശ്ശാറിനെ മാറ്റുക എന്നത് തങ്ങളുടെ മുന്‍ഗണനക്രമത്തില്‍ ആദ്യത്തേതല്ല എന്നായിരുന്നു നേരത്തേ അമേരിക്കയുടെ യു.എന്‍ പ്രതിനിധി നിക്കി ഹാലി പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ ബശ്ശാറിനെ മാറ്റിയല്ലാതെ പരിഹാരം സാധ്യമല്ലെന്ന് അമേരിക്ക നിലപാടെടുത്തത് പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടെല്ലേഴ്‌സന്‍ പറഞ്ഞു.

അതിനിടെ, സിറിയന്‍ സൈന്യത്തിനുനേരെയുള്ള ആക്രമണങ്ങളില്‍ തിരിച്ചടിയുണ്ടാകുമെന്ന് ബശ്ശാര്‍ അനുകൂല സഖ്യസേന പ്രസ്താവനയില്‍ വ്യക്തമാക്കി. സിറിയന്‍ വ്യോമ താവളത്തിനു നേരെ യു.എസ് വ്യോമസേനയുടെ ആക്രമണത്തിനെതിരെ സിറിയയുടെ സഖ്യകക്ഷികള്‍ രംഗത്തുവന്നത് സ്ഥിതി കൂടുതല്‍ വഷളാക്കിയതായാണ് സൂചനകള്‍. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച ആക്രമണത്തിനെതിരെ റഷ്യയും ശക്തമായി പ്രതികരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.