സ്വന്തം ലേഖകന്‍: കടുത്ത അഭിപ്രായ വ്യത്യാസവുമായി ജി7 ഉച്ചകോടിയ്ക്ക് തിരശീല വീണു; അമേരിക്കയെ ഒറ്റപ്പെടുത്താന്‍ ഒരുമനസോടെ അംഗരാജ്യങ്ങള്‍. അലൂമിനിയം, ഉരുക്ക് ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതിതീരുവ ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാനാകാതെയാണ് വികസിത രാജ്യങ്ങളുടെ സമ്മേളനമായ ജി 7 ഉച്ചകോടിക്കു സമാപനമായത്.
യുഎസിനു പുറമെ കാന!ഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണു ജി 7 അംഗങ്ങള്‍. യുഎസുമായുള്ള ഭിന്നത പരിഹരിക്കപ്പെടാത്തതിനാല്‍ അംഗരാജ്യങ്ങളുടെ പതിവു സംയുക്ത പ്രസ്താവന ഉണ്ടാവില്ലെന്നാണു സൂചന. ഇറക്കുമതി തീരുവയുടെ കാര്യത്തില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ജപ്പാനുമൊപ്പം യുഎസിനെതിരെ നിലപാടെടുത്തു.
എന്നാല്‍, മണിക്കൂറുകള്‍ വൈകി ഉച്ചകോടിക്കെത്തിയ ട്രംപ് ഒരു രാഷ്ട്രീയ നേതാവുമായും മുഖാമുഖ ചര്‍ച്ചയ്ക്ക് തയ്യാറായില്ല. മാത്രമല്ല, കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യാന്‍ നില്‍ക്കാതെ ട്രംപ് നേരത്തേ മടങ്ങിയതും കല്ലുകടിയായി. സമാപനച്ചടങ്ങിനു നില്‍ക്കാതെ ട്രംപ് ചൊവ്വാഴ്ച നടക്കുന്ന കിം ജോംഗ് ഉന്നുമായുള്ള ഉച്ചകോടിയ്ക്കായി സിംഗപ്പൂരിലേക്കു തിരിച്ചു.
വ്യാപാരതര്‍ക്കം പരിഹരിക്കാന്‍ ട്രംപിനെ കാത്തിരുന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ നിരാശ മറച്ചുവെച്ചില്ല. ഉച്ചകോടിയില്‍ യുഎസിന്റെ അടുത്ത സഖ്യകക്ഷികളായ യൂറോപ്യന്‍ രാജ്യങ്ങള്‍ ക്ഷുഭിതരായിരുന്നെങ്കിലും ട്രംപിനെതിരെ പരസ്യവിമര്‍ശനം ഉന്നയിക്കാതിരുന്നതു ചര്‍ച്ചയുടെ സാധ്യതകളില്‍ പ്രതീക്ഷയര്‍പ്പിച്ചായിരുന്നു. ഇതോടെ യുഎസിനെ ഒറ്റപ്പെടുത്താനുള്ള അണിയറനീക്കങ്ങള്‍ ശക്തമാകുമെന്നാണ് നിരീക്ഷകര്‍ നല്‍കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല