1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2022

സ്വന്തം ലേഖകൻ: ജി 7 ഉച്ചകോടി ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണു യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യൻ മിസൈൽ പതിച്ചത്. മൂന്നാഴ്ചയ്ക്കു ശേഷം കീവ് ലക്ഷ്യമാക്കി റഷ്യ മിസൈൽ തൊടുത്തതിനെ പ്രതീകാത്മക ആക്രമണം എന്നാണു കീവ് മേയർ വിശേഷിപ്പിച്ചത്.

ആക്രമണത്തെ ‘റഷ്യൻ കാടത്തം’ എന്നു വിളിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ സ്വർണത്തിന് ഉപരോധം ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. ജി7 കൂട്ടായ്മയിലെ എല്ലാ രാജ്യങ്ങളും റഷ്യയിൽ നിന്നുള്ള സ്വർണത്തിന്റെ ഇറക്കുമതി നിരോധിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകും. പ്രകൃതിവാതകം കഴിഞ്ഞാൽ റഷ്യയുടെ ഏറ്റവും പ്രധാന കയറ്റുമതി സ്വർണമാണ്.

യുക്രൈനിനു കൂടുതൽ സഹായങ്ങൾ നൽകുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും പ്രഖ്യാപിച്ചു.

യുക്രൈൻ യുദ്ധവും റഷ്യയ്ക്കെതിരായ ഉപരോധങ്ങളും സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിൽ നിന്നു കരകയറാനുള്ള മാർഗങ്ങളാണ് ഉച്ചകോടിയുടെ ആദ്യദിവസം ചർച്ചയായത്.

റഷ്യയ്ക്കെതിരായ നടപടികളിൽ ഒന്നിച്ചു നിൽക്കുന്ന ലോകരാജ്യങ്ങളെ ബൈഡൻ പ്രശംസിച്ചു. വികസ്വര രാജ്യങ്ങളിൽ അടിസ്ഥാനസൗകര്യരംഗത്തെ നിക്ഷേപത്തിനായി ചൈനീസ്–റഷ്യൻ ബദലായി പുതിയ ആഗോളകൂട്ടായ്മ സൃഷ്ടിച്ചെടുക്കാൻ ഉച്ചകോടി വിഭാവനം ചെയ്യുന്നുണ്ട്.

യുഎസ്, യുകെ, കാനഡ, ജപ്പാൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ വികസിത രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. യൂറോപ്യൻ യൂണിയനും പങ്കാളിയാണ്. ഇന്ത്യ, യുക്രൈൻ, ഇന്തൊനീഷ്യ, അർജന്റീന, ദക്ഷിണാഫ്രിക്ക, സെനഗൽ എന്നീ രാജ്യങ്ങൾ പ്രത്യേക ക്ഷണിതാക്കളാണ്.

അതിനിടെ ഉച്ചകോടിയുടെ ഇടവേളയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ പരിഹസിച്ച് ജി7 നേതാക്കൾ. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് വിഷയം എടുത്തിട്ടത്. നമ്മൾ പുട്ടിനെക്കാൾ കടുപ്പക്കാരാണെന്നു കാണിക്കണം എന്നായിരുന്നു ബോറിസ് ജോൺസന്റെ പ്രസ്താവന. എങ്കിൽ നമ്മൾ ഷർട്ടില്ലാതെ കുതിരയോടിക്കാൻ പോകണമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അർധനഗ്നനായി കുതിരപ്പുറത്തിരിക്കുന്ന പുട്ടിന്റെ ചിത്രം പരാമർശിച്ചായിരുന്നു തമാശ.

ഓഡി ഡോം ഇൻഡോർ അരീനയിൽ നടന്ന പരിപാടിയിൽ പ്രവാസികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും വിജയത്തിനും പ്രവാസികൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.ജർമ്മനിയിലെ വൈബ്രന്റ് ഇന്ത്യൻ കമ്മ്യൂണിറ്റിയിലാണ് പരിപാടി നടന്നത്. ആയിരക്കണക്കിന് അംഗങ്ങളാണ് പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.