1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2018

സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്; വീടുകള്‍ തകര്‍ന്നു, മരങ്ങള്‍ കടപുഴകി; 75,000 ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. നാഗപള്ളത്തിനും വേദാരണ്യത്തിനും ഇടയിലൂടെ മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇവിടെ വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി. 76,290 പേരെ ഇതിനകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.

നാഗപട്ടണം, പുതുകോട്ട, രാമന്തപുരം, തിരുവാരുര്‍ തുടങ്ങിയ ജില്ലകളിലാണ് ക്യാംപുകള്‍ തുറന്നിരിക്കുന്നത്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 100–110 കിലോ മീറ്റര്‍ വേഗതയില്‍ വീശിയ ചുഴലിക്കാറ്റ് നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലൂടെ തമിഴ്‌നാടും പുതുച്ചേരിയും കടന്നുവെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

എന്നാല്‍ കാറ്റിന്റെ മുഴുവന്‍ പ്രശ്‌നങ്ങളും അവസാനിക്കാന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ്.ബാലചന്ദ്രന്‍ അറിയിച്ചു. തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നാലു സംഘത്തെ നാഗപട്ടണത്തിന് നിയോഗിച്ചിട്ടുണ്ട്. രണ്ടു സംഘം കൂഡല്ലൂരിലും നിലയുറപ്പിച്ചിട്ടുണ്ട്.

തമിഴ്‌നാടിന്റെയും കേരളത്തിന്റെയും തെക്കന്‍ ജില്ലകളില്‍ വെള്ളിയാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളില്‍ ചെന്നൈയിലും സമീപ ജില്ലകളിലും ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അഞ്ചു ദിവസം മുമ്പ് ബംഗാള്‍ ഉള്‍ക്കടലില്‍, ചെന്നൈയില്‍നിന്ന് 925 കിലോ മീറ്ററോളം അകലെയാണ് ‘ഗജ’ ചുഴലിക്കാറ്റ് രൂപം കൊണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.