സ്വന്തം ലേഖകന്‍: പെന്‍സില്‍ കൊണ്ട് വരച്ച മഹാത്മാ ഗാന്ധിയുടെ അപൂര്‍വചിത്രം ലണ്ടനില്‍ ലേലത്തിന്. ജോണ്‍ ഹെന്‍ട്രി അംഷേവിറ്റ്‌സ് എന്ന ചിത്രകാരന്‍ 1931ല്‍ ഗാന്ധിജിയെ നേരില്‍ കണ്ട് പകര്‍ത്തിയ ചിത്രമാണിത്. വിഖ്യാതമായ വട്ടമേശസമ്മേളനത്തില്‍ പങ്കെടുക്കാനായി ഗാന്ധിജി ലണ്ടനില്‍ എത്തിയപ്പോഴായിരുന്നു ഇത്. ഇരുന്നുകൊണ്ട് അതീവ ശ്രദ്ധയോടെ എന്തോ എഴുതിക്കൊണ്ടിരിക്കുന്ന ചിത്രത്തോടൊപ്പം ഗാന്ധിജിയുടെ തന്നെ വാക്കുകള്‍ ആയ ‘ട്രൂത്ത് ഈസ് ഗോഡ്/എം.കെ ഗാന്ധി/4.12.31. എന്നും ചേര്‍ത്തിട്ടുണ്ട്.
6.72 ലക്ഷത്തിനും 10.09 ലക്ഷത്തിനും ഇടയിലാണ് ചിത്രത്തിന് മൂല്യം കണക്കാക്കിയിരിക്കുന്നത്. സാധാരണഗതിയില്‍ ഗാന്ധിജി ഔദ്യോഗിക ഫോട്ടോകള്‍ക്കും ചിത്രങ്ങള്‍ക്കും നിന്നുകൊടുക്കാറില്ല. അതുകൊണ്ടുതന്നെ ഒരു ഔദ്യോഗിക പരിപാടിക്കിടെയുള്ള ഈ ചിത്രം തീര്‍ത്തും അപൂര്‍വമാണെന്ന് സോത്‌ബെ അധികൃതര്‍ പറയുന്നു. ഗാന്ധിജി താമസിച്ചിരുന്ന കിങ്‌സ്‌ലി ഹാളില്‍ വെച്ചാണ് ചിത്രകാരന്‍ അദ്ദേഹത്തെ പകര്‍ത്തിയത്.
അദ്ദേഹത്തിന്റെ മടക്കത്തിനു ശേഷം ചിത്രം കിങ്‌സ്‌ലി ഹാളുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന പ്രദേശവാസിയായ സ്ത്രീക്ക് നല്‍കുകയായിരുന്നു. ഇത്രയും കാലം ഇവര്‍ അത് കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കുകയും ചെയ്തു. ഈ ചിത്രത്തിനൊപ്പം ഗാന്ധിജി എഴുതിയ കത്തുകളും ലേലത്തിനെത്തും. സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തിന് അദ്ദേഹമെഴുതിയ കത്തുകളാണിത്. കത്തുകള്‍ക്ക് ചുരുങ്ങിയത് 28 ലക്ഷം രൂപയെങ്കിലും ലഭിക്കും എന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല