1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2023

സ്വന്തം ലേഖകൻ: വെയ്ല്‍സിന്റെ ഇതിഹാസ ഫുട്‌ബോള്‍ താരം ഗരെത് ബെയ്ല്‍ ബൂട്ടഴിച്ചു. രാജ്യാന്തര-ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി താരം അറിയിച്ചു. 33 വയസ്സിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ ലോസ് ആഞ്ജലീസ് ഗ്യാലക്‌സിയിലാണ് താരം കളിക്കുന്നത്. വെയ്ല്‍സിനായി ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിച്ച ബെയ്ല്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ്.

റയല്‍ മഡ്രിഡിനായി പന്തുതട്ടിയാണ് ബെയ്ല്‍ ലോകോത്തര താരമായി മാറിയത്. റയലിനൊപ്പം അഞ്ച് തവണയാണ് താരം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്. ക്ലബ്ബ് ഫുട്‌ബോളില്‍ സതാംപ്ടണ് വേണ്ടി പന്തുതട്ടിത്തുടങ്ങിയ ബെയ്ല്‍ പിന്നീട് ടോട്ടനത്തിലേക്ക് ചേക്കേറി. ടോട്ടനത്തിലെ താരത്തിന്റെ അസാമാന്യ പ്രകടനമാണ് റയലിലേക്കുള്ള വാതില്‍ തുറന്നത്. ക്ലബ്ബിനും രാജ്യത്തിനുമായി ആകെ 664 മത്സരങ്ങള്‍ കളിച്ച ബെയ്ല്‍ 226 ഗോളുകള്‍ നേടി.

വെയ്ല്‍സിനായി 111 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ബെയ്ല്‍ 41 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 2016, 2020 യൂറോ കപ്പുകളിലും 2022 ലോകകപ്പിലും വെയ്ല്‍സിനെ നയിച്ചത് ബെയ്‌ലാണ്. 2016- യൂറോ കപ്പില്‍ സെമിയിലെത്തി ബെയ്‌ലും സംഘവും ചരിത്രം കുറിച്ചിരുന്നു. 1958 ന് ശേഷം വെയ്ല്‍സിനെ ലോകകപ്പിലേക്ക് നയിച്ച ആദ്യ നായകന്‍ കൂടിയാണ് ബെയ്ല്‍. എന്നാല്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. വെയ്ല്‍സിനായി ഏറ്റവുമധികം ഗോള്‍ നേടിയ താരം കൂടിയാണ് ബെയ്ല്‍.

16 വയസ്സുള്ളപ്പോഴാണ് ബെയല്‍ ക്ലബ്ബ് ഫുട്‌ബോളിലെത്തുന്നത്. സതാംപ്ടണ് വേണ്ടി 2006 ഏപ്രില്‍ 17 ന് അരങ്ങേറ്റം നടത്തിയ ബെയ്ല്‍ 40 മത്സരങ്ങളില്‍ നിന്ന് അഞ്ചുഗോളുകള്‍ നേടി. അവിടെ നിന്നാണ് താരം ടോട്ടനത്തിലേക്ക് ചേക്കേറിയത്. ടോട്ടനത്തിനായി 146 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ബെയ്ല്‍ 42 ഗോളുകള്‍ നേടി.

ടോട്ടനത്തില്‍ നിന്ന് പൊന്നുംവിലയ്ക്ക് റയല്‍ മഡ്രിഡ് ബെയ്‌ലിനെ വാങ്ങി. 100 മില്യണ്‍ യൂറോയ്ക്കാണ് താരത്തെ അന്ന് റയല്‍ സ്വന്തമാക്കിയത്. 100 മില്യണ്‍ യൂറോയ്ക്ക് ഒരു ടീം സ്വന്തമാക്കുന്ന ആദ്യ താരമായിരുന്നു ബെയ്ല്‍. 2013 മുതല്‍ 2022 വരെ താരം റല്‍ മഡ്രിഡില്‍ തുടര്‍ന്നു. ഇടയ്ക്ക് ടോട്ടനത്തില്‍ ലോണില്‍ വന്ന് 20 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകള്‍ നേടി. റയലിനായി 176 മത്സരങ്ങളില്‍ നിന്ന് 81 ഗോളുകളാണ് താരം നേടിയത്. റയലില്‍ ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റിയാനോ എന്ന ബിബിസി ത്രയം സഖ്യം എതിരാളികളുടെ പേടിസ്വപ്‌നമായിരുന്നു. റയലില്‍ നിന്ന് താരം അമേരിക്കന്‍ ഫുട്‌ബോളിലേക്ക് ചേക്കേറി. അവിടെ 12 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളാണ് നേടിയത്.

‘ഞാന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ നിന്നും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നു. വളരെ ശ്രദ്ധയോടെ എടുത്ത തീരുമാനമാണിത്. ഫുട്‌ബോളറാകുക എന്ന എന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ട്. 17 സീസണിലധികം പന്തുതട്ടി. അത് വീണ്ടും ആവര്‍ത്തിക്കാനാവില്ല. ജീവിതത്തിലെ അടുത്ത അധ്യായം എന്താണെന്ന് എനിക്കറിയില്ല. എന്റെ ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും കടുപ്പമേറിയ തീരുമാനമാണിത്.’ -ബെയ്ല്‍ പറഞ്ഞു.

രണ്ട് വ്യത്യസ്ത ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളില്‍ വിജയഗോള്‍ നേടുന്ന ലോകത്തിലെ ഏകതാരം എന്ന റെക്കോഡ് ഇപ്പോഴും ബെയ്‌ലിന്റെ കൈയ്യില്‍ ഭദ്രമാണ്. അഞ്ച് ചാമ്പ്യന്‍സ് ലീഗ് നേടുന്ന ഏക ബ്രിട്ടീഷ് താരം കൂടിയാണ് ബെയ്ല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.