
സ്വന്തം ലേഖകൻ: ‘മാച്ച് ഓഫ് ദ് ഡേ’ അവതാരകൻ മുൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഗാരി ലിനേക്കറെ മാറ്റിയതിനെച്ചൊല്ലി മറ്റ് അവതാരകർ ജോലി ബഹിഷ്കരിച്ചതിനെത്തുടർന്ന് ബിബിസിക്ക് ഇന്നലെ ഒട്ടേറെ സ്പോർട്സ് പരിപാടികൾ പ്രക്ഷേപണം ചെയ്യാനായില്ല. ബ്രിട്ടിഷ് സർക്കാരിന്റെ പുതിയ കുടിയേറ്റ നയത്തെ വിമർശിച്ചതിനാണ് ലിനേക്കറെ ബിബിസി ശനിയാഴ്ചത്തെ പ്രധാന പരിപാടിയിൽനിന്ന് ഒഴിവാക്കിയത്.
ലിനേക്കർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒട്ടേറെ അവതാരകരും മറ്റും പണിമുടക്കിയതോടെ ബിബിസി വെട്ടിലായി. പ്രേക്ഷകർ ഏറെയുള്ള ശനിയാഴ്ചത്തെ പ്രധാന സ്പോർട്സ് പരിപാടികളെല്ലാം റദ്ദാക്കി മാപ്പു പറയേണ്ടി വന്നു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായി ബിബിസി അറിയിച്ചു. ലിനേക്കർ പ്രതികരിക്കാൻ തയാറായിട്ടില്ല.
ചെറു ബോട്ടുകളിൽ ബ്രിട്ടനിൽ അഭയം തേടിയെത്തുന്ന കുടിയേറ്റക്കാരെ വിലക്കുന്ന പുതിയ നിയമം പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുപ്പതുകളിലെ ജർമനിയിലെ ക്രൂര നിയമത്തിനു സമാനമാണിതെന്ന് ലിനേക്കർ ട്വിറ്ററിൽ കുറിച്ചതാണ് അദ്ദേഹത്തെ അവതാരകസ്ഥാനത്തുനിന്നു നീക്കാൻ ബിബിസിയെ പ്രേരിപ്പിച്ചത്. സർക്കാർ സമ്മർദം മൂലമാണിതെന്ന് ആരോപണമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല