സ്വന്തം ലേഖകന്‍: ഗൗരി ലങ്കേഷ് കൊലപാതകം; ഹിന്ദു യുവ സേനയുടെ സ്ഥാപക നേതാവ് പിടിയില്‍. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ടു ജയിലിലുള്ള ടി. നവീന്‍ കുമാറിനെയാണ് എട്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക മധൂര്‍ സ്വദേശിയായ ഇയാള്‍ ‘ഹിന്ദു യുവ സേന’ എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളാണ്.
അതേസമയം കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നു ബെംഗളൂരു വെസ്റ്റ് ഡിസിപി എം.എന്‍. അനുചേത് പറഞ്ഞു. വെടിയുണ്ടകള്‍ കൈവശം സൂക്ഷിച്ചതിന് ഈ മാസം 19നാണു നവീന്‍ കുമാറിനെ അറസ്റ്റു ചെയ്യുന്നത്. 15 വെടിയുണ്ടകള്‍ ഉള്‍പ്പെടെ തോക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു. ഇയാളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കസ്റ്റഡിയില്‍ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് ആര്‍ആര്‍ നഗറിലെ സ്വന്തം വീട്ടില്‍ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. സെപ്റ്റംബര്‍ മൂന്നിനും അഞ്ചിനും നവീന്‍ ഇവിടെ എത്തിയിരുന്നതായാണു സൂചന. ഗൗരിയെ വെടിവച്ച കൊലയാളിയെ ബൈക്കില്‍ ഇവിടെയെത്തിച്ചത് നവീനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തീവ്ര ഹിന്ദുസംഘടനയായ സനാതന്‍ സന്‍സ്ഥയുമായും ഇയാള്‍ക്ക് പങ്കുണ്ടെന്ന് അറിയുന്നു. ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള സംഘടനയാണ് സനാതന്‍ സന്‍സ്ഥ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല