1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2023

സ്വന്തം ലേഖകൻ: ഒരാഴ്ചനീണ്ട വെടിനിര്‍ത്തലിന് ശേഷം ഗാസയ്ക്കുനേരെ ആക്രമണം പുനരാരംഭിച്ച് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ ഒരു ദിവസംകൂടി നീട്ടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഹമാസ് ഉടമ്പടി ലംഘിച്ചെന്നാരോപിച്ച് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. ഇസ്രയേലിനുനേരെ റോക്കറ്റ് തൊടുത്തുവിട്ട ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാണ് ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നത്.

റോക്കറ്റ് തകർത്തെങ്കിലും വെടിനിര്‍ത്തല്‍ കരാറിന്റെ വലിയ ലംഘനമാണ് ഹമാസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഐഡിഎഫ് ആരോപിച്ചു. ഇതോടെ ഗാസയ്ക്കു നേരെയുള്ള ആക്രമണം ഇസ്രയേല്‍ പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഗാസ മുമ്പിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

നവംബര്‍ 24ന് ആയിരുന്നു വെടിനിര്‍ത്തല്‍ ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴോടെ അവസാനിക്കേണ്ട കരാര്‍ വെള്ളിയാഴ്ച രാവിലെവരെ നീട്ടിയിരുന്നു. യുദ്ധം ഉടന്‍ പുനരാരംഭിക്കരുതെന്നും വെടിനിര്‍ത്തല്‍ കൂടുതല്‍ദിവസത്തേക്ക് നീട്ടണമെന്നും അന്താരാഷ്ട്രതലത്തില്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് ഇപ്പോൾ ഏറ്റുമുട്ടൽ പുനരാരംഭിച്ചിരിക്കുന്നത്.

വെടിനിർത്തലിനു ശേഷം 105 ബന്ദികളെ ഹമാസും ജയിലില്‍ കഴിഞ്ഞിരുന്ന 210 പലസ്തീന്‍ തടവുകാരെ ഇസ്രയേലും വിട്ടയച്ചിരുന്നു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 ഇസ്രയേല്‍ക്കാരും ഇതിനുശേഷം ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 14,000 പലസ്തീന്‍കാരുമാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.