1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2024

സ്വന്തം ലേഖകൻ: ഏതുനിമിഷവും മരിച്ചുവീഴാമെന്ന നിസ്സഹായതയിൽ പലസ്തീൻ ജനത ദിനരാത്രങ്ങൾ എണ്ണാൻ തുടങ്ങിയിട്ട് 100 ദിവസമാകുമ്പോഴും അത്യന്തം മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ ഇസ്രയേൽ തുടരുന്നു. കഴിഞ്ഞ ഒക്ടോബർ 7നു ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തെത്തുടർന്നാരംഭിച്ച യുദ്ധത്തിൽ ഗാസയിൽ ഇന്നലെ കൊല്ലപ്പെട്ടത് 135 പേർ. ഇതുവരെ 23,843 പലസ്തീൻകാർ കൊല്ലപ്പെട്ടു; 60,317 പേർക്കു പരുക്കേറ്റു.

റഫയിൽ 2 അഭയാർഥി കുടുംബങ്ങൾ താമസിച്ചിരുന്ന വീടിനുമേൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കുഞ്ഞുങ്ങളുൾപ്പെടെ 10 പേരാണു മരിച്ചത്. അത്താഴം കഴിക്കുന്നതിനിടെയാണ് ആക്രമണമെന്നു മരിച്ചവരുടെ ബന്ധു ബാസിം അറഫ പറഞ്ഞു. കയ്യിൽ റൊട്ടിക്കഷണവുമായി മരിച്ചുവീണ പെൺകുട്ടിയുടെ ചിത്രം ഉയർത്തിക്കാട്ടി കുഞ്ഞുങ്ങൾ മരിച്ചുവീഴുമ്പോൾ രാജ്യാന്തര നീതിന്യായ കോടതി എവിടെയെന്നും അദ്ദേഹം ചോദിച്ചു.

മധ്യ ഗാസയിലെ ബുറൈജ്, നുസുറത്ത്, മഗാസി അഭയാർഥി മേഖലകളിലും രൂക്ഷമായ വ്യോമാക്രമണം തുടർന്നു. വടക്കൻ ഗാസയിലും ബയ്ത്ത് ലാഹിയ, ദറജ് മേഖലയിലുമായി ഇരുപതിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, വടക്കൻ ഗാസയിൽ നിന്നു സൈന്യത്തെ പിൻവലിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. മധ്യ ഗാസയിലും ഖാൻ യൂനിസിലും നടത്തിയ ആക്രമണങ്ങളിൽ ഒട്ടേറെ ഹമാസ് പ്രവർത്തകരെ വധിച്ചതായും അറിയിച്ചു. 1200 പേരെ വധിക്കുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ നശിപ്പിക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് ആവർത്തിച്ച സേന സാധാരണക്കാർക്കു ഉപദ്രവമുണ്ടാകുന്നത് കുറയ്ക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു. ഖാൻ യൂനിസിൽ ഇസ്രയേലിന്റെ ഹെലികോപ്റ്റർ തകർത്തതായി ഹമാസും അവകാശപ്പെട്ടു.

അതേസമയം ഗാസയിൽ നിന്നും തങ്ങളെ പിന്തിരിപ്പിക്കാൻ ഒരാൾക്കുമാവില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസിനെതതിരെ വിജയം നേടും വരെ ഗാസയിലെ യുദ്ധം തുടരുമെന്നും നെതന്യാഹു പറഞ്ഞു. ഹേഗിനോ(അന്താരാഷ്ട്ര നീതിന്യായ കോടതി) തിന്മയുടെ അച്ചുതണ്ടിനോ തങ്ങളെ തടയാനാവില്ലെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു. ഗാസയിലെ ഇസ്രയേൽ വംശഹത്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം പുരോഗമിക്കുകയാണ്. ഇത് പരമാർശിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

വിജയം ഉണ്ടാവുന്നത് വരെ യുദ്ധം തുടരേണ്ടത് അനിവാര്യമാണ്. തങ്ങൾ അത് ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു. ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിലൂടെ ഹമാസിന്റെ ഭൂരിപക്ഷം ബറ്റാലിയനുകളും തകർക്കാൻ സാധിച്ചുവെന്നും നെതന്യാഹു അവകാശപ്പെട്ടു. എന്നാൽ, വടക്കൻ ഗാസയിൽ വിന്യസിക്കപ്പെട്ട സൈനികർക്ക് ഇപ്പോൾ വീടുകളിലേക്ക് മടങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ ഗാസയിൽ ഇപ്പോഴും അപകടം നിലനിൽക്കുന്നുണ്ട്. അത് ഇല്ലാതാവേണ്ടതുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.