1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2018

സ്വന്തം ലേഖകന്‍: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു; ബുധനാഴ്ച വൈകുന്നേരം 4.45 ഓടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരളിനെ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. മൃതദേഹം വ്യാഴാഴ്ച പത്തുമണിക്ക് കല്‍വത്തി കമ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കും. സംസ്‌കാരം കല്‍വത്തി ജുമാ മസ്ജിദില്‍.

കവി സച്ചിദാനന്ദന്‍, ഒഎന്‍വി കുറുപ്പ് തുടങ്ങിയവരുടെ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും സംഗീതം നല്‍കി ഉമ്പായി ആലപിച്ച ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചേറ്റിയവയായിരുന്നു. പാടുക സൈഗാള്‍ പാടൂ, ഒരിക്കല്‍ നീ പറഞ്ഞു, സുനയനേ സുമുഖീ, വീണ്ടും പാടാം സഖീ, അകലെ മൗനം പോല്‍, ഗാനപ്രിയരേ തുടങ്ങി മലയാളികളുടെ മനസ്സില്‍ പ്രണയത്തിന്റെയും ഗൃഹാതുരതയുടെയും ലഹരി പടര്‍ത്തുന്ന നിരവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.

12ല്‍ അധികം ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ‘നോവല്‍’ എന്ന ചലച്ചിത്രത്തിനും അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പഴയ നിരവധി ചലച്ചിത്ര ഗാനങ്ങള്‍ക്കും ഉമ്പായി തന്റേതായ ഗസല്‍ ആലാപന ശൈലിയിലൂടെ പുതിയ ആവിഷ്‌കാരം നല്‍കിയിട്ടുണ്ട്.

പി.എ. ഇബ്രാഹിം എന്നായിരുന്നു ഉമ്പായിയുടെ യഥാര്‍ഥ പേര്. മീന്‍ കച്ചവടക്കാരനായും തോണിക്കാരനായും ജോലി നോക്കിയിട്ടുള്ള ഉമ്പായി തീക്ഷ്ണമായ നിരവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ബോംബെയില്‍ അധോലോക സംഘാംഗമായിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. പിന്നീട് മുജാവര്‍ അലിഖാന്റെ ശിഷ്യനായി. പി. എ. ഇബ്രാഹിമിന് ഉമ്പായി എന്ന പേര് നല്‍കിയത് പ്രശസ്ത സംവിധായകന്‍ ജോണ്‍ എബ്രഹാം ആയിരുന്നു. ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ ഗസല്‍ ആലപിച്ചിരുന്നു.

മട്ടാഞ്ചേരിയിലെ കല്‍വത്തിയില്‍ 1950ല്‍ അബുവിന്റെയും ഫാത്തിമയുടെയും മകനായാണ് ഉമ്പായി ജനിക്കുന്നത്. ഹഫ്‌സയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.