
സ്വന്തം ലേഖകൻ: ജി.സി.സി രാജ്യങ്ങൾക്കിടയിലെ യാത്ര സുഗമമാക്കുന്നതിന് സംയോജിത സംവിധാനം ഏർപ്പെടുത്താൻ അഞ്ചാമത് ഗൾഫ് ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ നിർദേശം. യാത്രക്കുള്ള അപേക്ഷകൾ അംഗീകരിക്കുന്നതിന് ഓരോ രാജ്യത്തെയും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം ഉണ്ടാകണമെന്നാണ് അഭിപ്രായം ഉയർന്നത്. ശനിയാഴ്ച ഓൺലൈനിലാണ് ആരോഗ്യ മന്ത്രിമാരുടെ യോഗം ചേർന്നത്. ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദിയുടെ നേതൃത്വത്തിലുള്ള സംഘം രാജ്യത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു.
ഓരോ രാജ്യത്തെയും നിലവിലെ കോവിഡ് സാഹചര്യവും നിയന്ത്രണത്തിന് സ്വീകരിച്ച നടപടികളും യോഗത്തിൽ പങ്കുവെച്ചു. ഒമാൻ കോവിഡിനെ പ്രതിരോധിക്കുന്നതിന് സ്വീകരിച്ച നടപടികളും വാക്സിൻ നൽകുന്നതിന് തയാറാക്കിയ പദ്ധതിയും യോഗത്തിൽ അവതരിപ്പിച്ചു. കൗൺസിൽ രാജ്യങ്ങളിലെ സാങ്കേതിക സമിതികൾ തയാറാക്കിയ വാക്സിനേഷൻ മാർഗനിർദേശ രൂപരേഖ, കുത്തിവെപ്പ് മുൻഗണന ഗ്രൂപ്പുകൾ, വാക്സിൻ കാര്യക്ഷമത, പാർശ്വഫലങ്ങളുടെ സാധ്യത എന്നിവ യോഗത്തിൽ ചർച്ചയായി.
ഗൾഫ് രാജ്യങ്ങളുടെ ആരോഗ്യ അണ്ടർ സെക്രട്ടറിമാരുടെ കമ്മിറ്റിയുടെ പ്രവർത്തനങ്ങളും ബഹ്റൈനിൽ ഉപയോഗിച്ച വാക്സിെൻറ അനുഭവവും യോഗത്തിൽ ഉന്നയിക്കപ്പെട്ടു. കഴിഞ്ഞ യോഗത്തിലെ തീരുമാനങ്ങൾ നടപ്പായത് സംബന്ധിച്ച അവലോകനം നടത്തി. കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിന് വിവരങ്ങൾ പരസ്പരം കൈമാറുന്നതിൽ സഹകരണം തുടരണമെന്ന് ചർച്ചയിൽ അംഗരാജ്യങ്ങളെല്ലാം അഭിപ്രായപ്പെട്ടു.
കോവിഡ് നിയന്ത്രിക്കുന്നതിൽ ആരോഗ്യ ജീവനക്കാർ നൽകുന്ന സംഭാവനകൾ വിലമതിക്കാനാവത്തതാണെന്നും ജനങ്ങളുടെ സഹകരണം വലിയ പിന്തുണയാണ് നൽകുന്നതെന്നും സമാപന സംസാരത്തിൽ മന്ത്രിമാർ അഭിപ്രായപ്പെട്ടു. വാക്സിനേഷനും ആരോഗ്യവിദഗ്ധർ പറയുന്ന നിയന്ത്രണങ്ങൾ പാലിക്കലും മാത്രമാണ് രോഗപ്രതിരോധത്തിന് വഴിയെന്നും യോഗം ഏകകണ്ഠമായി ഊന്നിപ്പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല