
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളില്‍ വെച്ച് സ്‌കൂള്‍ ഫീസ് ഏറ്റവും കൂടുതല്‍ ഖത്തറിലെന്ന് റിപ്പോര്‍ട്ട്. ഖത്തറിലെ സ്വകാര്യ സ്‌കൂളുകള്‍ ഓരോ വര്‍ഷവും ഫീസ് ക്രമാനുഗതമായി വര്‍ധിപ്പിക്കുകയാണെന്നും ഇത് തങ്ങള്‍ക്ക് താങ്ങാനാവുന്നില്ലെന്നും സ്വദേശി രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടികള്‍ ഉണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഫീസ് താങ്ങാനാവാതെ ഓരോ വര്‍ഷവും ഫീസ് കുറഞ്ഞ സ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റിച്ചേര്‍ക്കേണ്ട സ്ഥിതിയാണ് തങ്ങളുടേതെന്നാണ് രക്ഷിതാക്കളുടെ പരാതി. ഓരോ വര്‍ഷവും വലിയ തോതില്‍ ഫീസ് വര്‍ധിപ്പിക്കുന്ന നടപടി അന്യായമാണെന്ന് രക്ഷിതാക്കളെ ഉദ്ധരിച്ച് ഖത്തറിലെ അറബി ദിനപ്പത്രമായ അല്‍റായ റിപ്പോര്‍ട്ട് ചെയ്തു.
ഒരു വര്‍ഷത്തേക്ക് 15,000 റിയാലാണ് പല സ്വകാര്യ സ്‌കൂളുകളും ഒരു വിദ്യാര്‍ഥിക്ക് ഫീസ് മാത്രമായി ഈടാക്കുന്നത്. ഇത് സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവരെ സംബന്ധിച്ചിടത്തോളം വലിയ തുകയാണ്. രണ്ടും മൂന്നും കുട്ടികളുള്ളവര്‍ മക്കളെ എങ്ങനെ പഠിപ്പിക്കുമെന്നാണ് ഇവരുടെ ചോദ്യം. അതുകൊണ്ടു തന്നെ നിലവിലെ സ്‌കൂള്‍ ഫീസുകള്‍ കുറയ്ക്കാനുള്ള നടപടികള്‍ മന്ത്രാലയം സ്വീകരിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
നിലവില്‍ സ്വദേശികള്‍ക്ക് എഡ്യുക്കേഷനല്‍ കൂപ്പണ്‍ എന്ന പേരില്‍ ഓരോ വര്‍ഷവും ഒരു വിദ്യാര്‍ഥിക്ക് 28,000 റിയാല്‍ വിദ്യാഭ്യാസ ആനുകൂല്യമായി ഖത്തര്‍ ഭരണകൂടം നല്‍കിവരുന്നുണ്ട്. രണ്ട് ഇന്‍സ്റ്റാള്‍മെന്റായാണ് ഇത് ലഭിക്കുക. എന്നാല്‍ നിലവിലെ ഉയര്‍ന്ന സ്‌കൂള്‍ ഫീസ് പരിഗണിച്ച് ടെക്സ്റ്റ്ബുക്കുകള്‍, കുട്ടികളുടെ യാത്ര എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. നിലവില്‍ 332 സ്വകാര്യ വിദ്യാലയങ്ങളില്‍ ഖത്തറിലുണ്ടെന്നാണ് കണക്ക്.
അതേസമയം, ഓരോ വര്‍ഷവും ഉയര്‍ന്ന ഫീസ് വാങ്ങുന്ന സ്‌കൂളുകള്‍ അവിടങ്ങളിലെ പഠന നിലവാരം ഉയര്‍ത്താന്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടിക്ക് വര്‍ഷത്തില്‍ 40,000 റിയാല്‍ ഫീസായി വാങ്ങുന്ന സ്ഥാപനത്തിലെ പഠന നിലവാരം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്നാണ് രക്ഷിതാക്കളിലൊരാളായ സാലിം അല്‍ കുവാരിയുടെ പരാതി. ജിസിസി രാജ്യങ്ങളില്‍ ഇത്രയധികം ഫീസ് ഈടാക്കുന്ന സ്‌കൂളുകള്‍ ഖത്തറില്‍ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഖത്തറിലെ സ്വകാര്യ സ്‌കൂളുകളിലേറെയും ലാഭം മാത്രം ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ വിശദമായ പഠനം ആവശ്യമാണെന്നും മറ്റൊരു രക്ഷിതാവായ മുഹമ്മദ് അല്‍ ബക്കര്‍ പറഞ്ഞു. ലാഭം കൂട്ടാന്‍ ഗുണനിലവാരത്തില്‍ ഉപേക്ഷ കാണിക്കുന്ന സ്ഥിതിയാണ് പല സ്‌കൂളുകളിലും. മികച്ച സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെട്ടിടനിര്‍മാണം, ഗതാഗത സൗകര്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സഹായമുണ്ടായാല്‍ ആ സ്‌കൂളുകള്‍ക്ക് ഫീസ് വലിയ തോതില്‍ കുറയ്ക്കാനാവുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതേപോലെ സ്‌കൂളുകള്‍ സര്‍ക്കാരിന് നല്‍കേണ്ട ഫീസുകള്‍ ഒഴിവാക്കുകയും ചെയ്യാം.
കോവിഡ് കാലത്ത് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഫീസ് വര്‍ധനവിന്റെ കാര്യത്തില്‍ ആരും ഇളവ് നല്‍കുന്നില്ലെന്ന് മറ്റൊരു രക്ഷിതാവ് അബ്ദുല്ലാഹി അല്‍ മര്‍റി പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടക്കുന്ന ഇക്കാലത്ത് ഫീസ് വര്‍ധന ന്യായീകരിക്കാനാവാത്തതാണ്. വാര്‍ഷിക ഫീസിനു പുറമെ, വര്‍ഷത്തില്‍ പല തവണകളായി മറ്റ് പല കാര്യങ്ങള്‍ക്കുമായി കൂടുതല്‍ തുക രക്ഷിതാക്കളില്‍ നിന്ന് സ്‌കൂളുകള്‍ ഈടാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സത്വര നടപടികള്‍ ഉണ്ടാവണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല