സ്വന്തം ലേഖകൻ: ജി.സി.സി രാജ്യങ്ങളിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറക്കുന്ന റെയിൽവേ പദ്ധതി 2030 ഡിസംബറിൽ ആരംഭിക്കാൻ തീരുമാനമായി.എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതാണ് റെയിൽവേ പദ്ധതി.
മസ്‌കത്തിൽ ചേർന്ന ജി.സി.സി ഗതാഗത മന്ത്രിമാരുടെ 25ാമത് യോഗത്തിലാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള തീയതിക്ക് അംഗീകാരം നൽകിയത് .യുഎഇയുടെ ഇത്തിഹാദ് റെയിൽ 900 കി.മീ പൂർത്തിയാക്കി ഫെബ്രുവരിയിൽ ചരക്കുസേവനം ആരംഭിച്ചു. സൗദി റെയിൽ റാസൽഖൈർ-ദമാൻ റൂട്ടിൽ 200 കി.മീ പൂർത്തിയായി.
സുഹാർ തുറമുഖത്തെ യുഎഇ ദേശീയ റെയിലുമായി ബന്ധിപ്പിക്കുന്നതിനു ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത സംരംഭം സ്ഥാപിച്ച് സ്ഥലം ഏറ്റെടുക്കൽ ജോലി പുരോഗമിക്കുകയാണ്.
ഖത്തർ റെയിലിന്റെ അടിസ്ഥാന സൗകര്യ വികസനവും രൂപകൽപനയും പൂർത്തിയായി.
ബഹ്റൈനെ ജി.സി.സി റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സമാന്തര പാലം പദ്ധതിയുടെ ആദ്യഘട്ടവും കുവൈത്തിന്റെ 111 കി.മീ റെയിൽവേ ട്രാക്കിന്റെ രൂപകൽപനയും കഴിഞ്ഞിട്ടുണ്ട്.ഓരോ രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതി പൂർത്തിയായാൽ ജനങ്ങൾക്ക് ഏറെ സൗകര്യവും വികസന രംഗത്ത് കുതിപ്പിന് വഴിവെക്കുന്നതുമാവും ജി.സി.സി റെയിൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല