1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2021

സ്വന്തം ലേഖകൻ: ജിസിസി അംഗ രാജ്യങ്ങള്‍ക്കിടയിലെ ഐക്യം ശക്തിപ്പെടുത്തണമെന്ന ആഹ്വാനവുമായി നാല്‍പത്തി രണ്ടാമത് ജിസിസി ഉച്ചകോടിക്ക് റിയാദില്‍ പരിസമാപ്തി. എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും ഭീഷണികളെയും നേരിടാന്‍ ഒട്ടക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. മേഖലയുടെ ജനങ്ങളുടെ താല്‍പര്യങ്ങളും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള ഇടപെടലുകള്‍ ആയിരിക്കണം അംഗരാജ്യങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു. ആ രീതിയില്‍ പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുമുള്ള പ്രശ്‌നങ്ങളെ സമീപിക്കണം. മേഖലയില്‍ ഏതെങ്കിലും രീതിയിലുള്ള ഏറ്റമുമുട്ടലുകള്‍ ഒഴിവാക്കണമെന്നും ജിസിസി ആവശ്യപ്പെട്ടു.

ജിസിസി രാജ്യങ്ങളിലെ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനും ഉച്ചകോടിയില്‍ തീരുമാനമായി. സാമ്പത്തിക ഐക്യത്തിന് മേഖലയുടെ സുരക്ഷിതത്വം പ്രധാനമാണ്. അംഗരാജ്യങ്ങള്‍ക്കിടയിലെ സംയുക്ത നിക്ഷേപങ്ങള്‍ ഇരട്ടിയാക്കാനും ഉച്ചകോടിയില്‍ ധാരണയായി. സാമ്പത്തിക സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണത്തില്‍ ശ്രദ്ധയൂന്നണം. പരസ്പരം സഹകരിക്കാതെ വളരാനാകില്ലെന്നും ഉച്ചകോടി വിലയിരുത്തി.

മേഖലയിലെ സാമ്പത്തിക സ്രോതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്താന്‍ കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവണം. ഇതിനായി രാജ്യങ്ങള്‍ക്കിടയില്‍ റോഡ്, റെയില്‍, ആശയവിനിമയ ശൃംഖലകള്‍ വികസിപ്പിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. അതോടൊപ്പം ഓരോ രാജ്യത്തിലെയും വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും അവയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യണം. ഇക്കാര്യത്തില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു.

ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷയില്‍ പരസ്പരം ഭിന്നിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഉച്ചകോടി അംഗീകരിച്ച റിയാദ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. അംഗരാജ്യങ്ങള്‍ക്കു നേരെയുള്ള ഏതൊരു ആക്രമണവും അതിലെ എല്ലാ അംഗങ്ങള്‍ക്കും എതിരായ ആക്രമണമായി കണക്കാക്കുമെന്നും ഉച്ചകോടിയുടെ അന്തിമ പ്രഖ്യാപനങ്ങള്‍ വിശദീകരിച്ച് ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നാഇഫ് അല്‍ ഹജ്‌റഫ് വ്യക്തമാക്കി.

ജിസിസി രാജ്യങ്ങളില്‍ ഡിജിറ്റല്‍ മുന്നേറ്റവും സൈബര്‍ സുരക്ഷയും സ്ത്രീകളുടെയും യുവാക്കളുടെയും പുരോഗതിയും ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും. രാജ്യങ്ങളുടെ ഐക്യദാര്‍ഢ്യവും സ്ഥിരതയും വര്‍ധിപ്പിക്കുന്ന തരത്തില്‍ നിലപാടുകള്‍ ഏകോപിപ്പിക്കണം. രാജ്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും പ്രാദേശികവും അന്തര്‍ദേശീയവുമായ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുകയും ചെയ്യും. അംഗരാജ്യങ്ങളുടെ വിദേശനയങ്ങള്‍ ഒന്നിപ്പിക്കാന്‍ യോജിച്ച ശ്രമങ്ങള്‍ വേണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു. അംഗരാജ്യങ്ങള്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ സംഘര്‍ഷങ്ങളും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതും ഒഴിവാക്കണം.

റിയാദിലെ ദര്‍ഇയ കൊട്ടാരത്തില്‍ നടന്ന നാല്‍പ്പത്തി രണ്ടാമത് ജിസിസി ഉച്ചകോടിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനായിരുന്നു അധ്യക്ഷന്‍. യോഗ ശേഷം അംഗ രാജ്യങ്ങളുടെ തലവന്‍മാര്‍ക്കും പിരതിനിധി സംഘത്തിനും സൗദി കിരീടാവകാശി വിരുന്ന് സല്‍ക്കാരവും നടത്തി. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, യുഎഇ വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫ, ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്‌മൂദ് അല്‍ സൈദ് തുടങ്ങിയവര്‍ ഉച്ചകോടിയില്‍ എത്തിയിരുന്നു. ജിസിസിയുടെ അടുത്ത ഉച്ചകോടിയിലെ അധ്യക്ഷനായി ഒമാനെ യോഗം തെരഞ്ഞെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.