1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2020

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ നിധിശേഖരമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് മംഗോളിയന്‍ രാജാവ് ചെങ്കിസ് ഖാന്റെ കല്ലറയാണ്. പക്ഷെ ഈ കല്ലറ ഇന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നൂറ്റാണ്ടുകളായി ചരിത്രകാരന്മാരും നിധി അന്വേഷകരും അദ്ദേഹത്തിന്റെ ശവകുടീരത്തിനായി തിരച്ചില്‍ തുടരുകയാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു ചെങ്കിസ് ഖാന്‍. പതിമൂന്നാം നൂറ്റാണ്ടിലെ ഭരണാധികാരിയായ അദ്ദേഹം കാസ്പിയന്‍ കടല്‍ മുതല്‍ കാസ്പിയന്‍ കടല്‍ പസഫിക് വരെയും, മധ്യേഷ്യയുടെയും ചൈനയുടെയും ഭൂരിഭാഗവും പിടിച്ചെടുത്തിരുന്നു. ഏകദേശം 1 ദശലക്ഷം ആളുകളെ ഭരിച്ചിരുന്ന അദ്ദേഹം, ചരിത്രത്തിലെ മറ്റേതൊരു വ്യക്തിയെക്കാളും ഇരട്ടിയിലധികം ഭൂമി പിടിച്ചെടുത്തിട്ടുണ്ട്.

1227 ഓഗസ്റ്റ് 18 ന് ചൈനീസ് രാജ്യമായ സി സിയയില്‍ നടന്ന ഒരു കലാപത്തിനിടയിലാണ് ചെങ്കിസ് ഖാന്‍ മരണപ്പെടുന്നത്. മരണക്കിടക്കയില്‍ അദ്ദേഹം അനുയായികളോട് ഒരു കാര്യം ആവശ്യപ്പെടുകയുണ്ടായി. മരണശേഷം തന്നെ രഹസ്യമായി സംസ്‌കരിക്കണമെന്നും, അതിന്റെ സ്ഥാനം എന്നും രഹസ്യമായി തന്നെ സൂക്ഷിക്കണമെന്നുമായിരുന്നു അത്.

മരണത്തിന്റെ രഹസ്യാത്മകത സൂക്ഷിക്കാനായി സൈനികര്‍ അദ്ദേഹത്തെ അടക്കാന്‍ കൊണ്ടുപോകുന്ന വഴിയില്‍ കണ്ട് മുട്ടിയ എല്ലാവരെയും വധിക്കുകയായിരുന്നു. ഒരു തെളിവ് പോലും ബാക്കി വയ്ക്കാതിരിക്കാനായി ഒടുവില്‍ അവരും സ്വയം മരണത്തെ വരിച്ചു. ഏകദേശം 800 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, അദ്ദേഹത്തിന്റെ ശവകുടീരത്തിന്റെ സ്ഥാനം ഇന്നും അജ്ഞാതമായി തുടരുന്നു. അദ്ദേഹത്തിന്റെ സൈനികര്‍ അദ്ദേഹം കൊള്ളയടിച്ചും, യുദ്ധംചെയ്തും നേടിയെടുത്ത സമ്പത്തും ആ ശവകുടീരത്തില്‍ നിക്ഷേപിച്ചിട്ടുണ്ടാകാം എന്നാണ് കരുതപ്പെടുന്നത്.

ജര്‍മ്മനിയും, ജപ്പാനും , അമേരിക്കയും, ബ്രിട്ടീഷും ഉള്‍പ്പെടെയുള്ള അനവധി രാജ്യങ്ങളാണ് ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ച് അദ്ദേഹത്തിന്റെ ശവക്കുഴി തേടി പര്യവേഷണങ്ങള്‍ നടത്തിയിട്ടുള്ളത്. പക്ഷെ എല്ലാം പരാജയപ്പെടുകയായിരുന്നു. ചെങ്കിസ് ഖാനെ അടക്കം ചെയ്തു എന്ന് ചരിത്രകാരന്മാര്‍ സംശയിക്കുന്ന പ്രദേശം മംഗോളിയക്കാര്‍ പുണ്യഭൂമിയായി കണക്കാക്കുന്നു.

800 വര്‍ഷത്തിനിടയില്‍ ഈ പ്രദേശത്തെ ആദ്യത്തെ പുരാവസ്തു പര്യവേഷണം 1989 ലാണ് നടന്നത്, 1,300 ലധികം ഭൂഗര്‍ഭ സൈറ്റുകള്‍ ശവക്കുഴികളായി തിരിച്ചറിഞ്ഞെങ്കിലും, ഈ സൈറ്റുകളൊന്നും ഖനനം ചെയ്തില്ല. കാരണം മംഗോളിയക്കാര്‍ പുണ്യഭൂമിയായി കരുതി പോരുന്ന ആ സ്ഥലത്തു ഖനനം ചെയ്യാന്‍ അവര്‍ ആരെയും അനുവദിച്ചില്ല. ചെങ്കിസ് ഖാനെ ദൈവമായി ആരാധിക്കുന്ന അവിടത്തുകാര്‍, ആ ശവകുടീരം തുറന്നാല്‍ ലോകം തന്നെ അവസാനിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.