1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2021

സ്വന്തം ലേഖകൻ: ജർമ്മനിയിലെ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് കൊറോണ ബോണസായി 1,500 യൂറോ നല്‍കുമെന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ അറിയിച്ചു. കൊവിഡ് രോഗികളെ പരിചരിക്കുന്ന ക്ലിനിക്കുകളിലെ ജീവനക്കാര്‍ക്ക് സാമ്പത്തിക അംഗീകാരമായാണ് ഈ തുക നൽകുന്നത്. ജൂണ്‍ അവസാനത്തോടെ ജീവനക്കാർക്ക് 1500 യൂറോ വരെ നികുതി രഹിത ബോണസായി ലഭ്യമാക്കാനാണ് പദ്ധതി.

2020 മാര്‍ച്ച് 1 മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലത്തേക്കാണ് ഈ ബോണസ് പ്രീമിയമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജര്‍മ്മനിയിലെ 1038 ആശുപത്രികള്‍ക്ക് ബോണസിനായി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഇതിനായി മൊത്തം 450 ദശലക്ഷം യൂറോ ഫെഡറല്‍ സര്‍ക്കാര്‍ മാറ്റി വെച്ചിട്ടുണ്ട്.

പദ്ധതി പ്രകാരം 500 ലധികം കിടക്കകളുള്ള വലിയ ആശുപത്രികള്‍ 50ല്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ടെങ്കില്‍ ഈ പ്രത്യേക പെയ്മെന്റിന്റെ പ്രയോജനം ലഭിക്കും, ചെറിയ ആശുപത്രികളില്‍ 20 കേസുകളോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ പരിഗണിച്ചേക്കും. ചികിത്സിച്ച കൊവിഡ് രോഗികളുടെ എണ്ണത്തെയും 2019 ല്‍ ബന്ധപ്പെട്ട ക്ളിനിക്കില്‍ ജോലി ചെയ്ത നഴ്സുമാരുടെ എണ്ണത്തെയും അടിസ്ഥാനമാക്കിയാണ് മൊത്തം പ്രീമിയം കണക്കാക്കുക.

ആയിരത്തിലധികം ക്ളിനിക്കുകളിലെ ജീവനക്കാര്‍ക്ക് ഒറ്റത്തവണ പണമടയ്ക്കല്‍ പ്രയോജനപ്പെടുത്താമെന്ന് സ്പാന്‍ പറഞ്ഞു. കഴിഞ്ഞ വേനല്‍ക്കാലത്ത്, ജെറിയാട്രിക് നഴ്സുമാര്‍ ഉൾപ്പെടെയുള്ള നഴ്സുമാര്‍ക്ക് 1,000 യൂറോ വരെ കൊറോണ ബോണസ് ലഭിച്ചിരുന്നു. എന്നാൽ 1900 ഓളം ആശുപത്രികളില്‍ മൂന്നിലൊന്ന് പേർക്ക് മാത്രമാണ് ഈ ഒറ്റത്തവണ പേയ്മെന്റിന്റെ പ്രയോജനം ലഭിച്ചതെന്ന് അക്കാലത്ത് വിമര്‍ശിക്കപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.