1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2017

സ്വന്തം ലേഖകന്‍: കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നാസികളുടെ ദയാവധത്തിന് ഇരയായവര്‍ക്ക് ജര്‍മന്‍ പാര്‍ലമെന്റിന്റെ ആദരം. രണ്ടാം ലോകയുദ്ധ കാലത്ത് പോളണ്ടിലെ ഓഷ്വിറ്റ്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് റഷ്യന്‍ ചെമ്പട മോചിപ്പിച്ചതിന്റെ 72 ആം വാര്‍ഷികം പ്രമാണിച്ചാണ് അനുസ്മരണം സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാര്‍, മനോരോഗികള്‍ തുടങ്ങി സമൂഹത്തിനു പ്രയോജനമില്ലാത്തവരെന്നു മുദ്രകുത്തപ്പെട്ട മൂന്നു ലക്ഷത്തോളം പേര്‍ നാസികള്‍ നടത്തിയ ദയാവധ പരിപാടിയുടെ ഇരകളായെന്നാണ് കരുതുന്നത്.

ദയാവധ പരിപാടിയുമായി സഹകരിച്ച മിക്ക ഡോക്ടര്‍മാരും നിയമത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടതു നിര്‍ഭാഗ്യകരമായെന്ന് ബുണ്ടസ്റ്റാഗ്(പാര്‍ലമെന്റ്) പ്രസിഡന്റ് നോര്‍ബര്‍ട് ലാമര്‍ട്ട് ചൂണ്ടിക്കാട്ടി. ജര്‍മന്‍ പ്രസിഡന്റ് ജൊവാക്കിം ഗൗക്ക്, ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ തുടങ്ങിയവര്‍ പാര്‍ലമെന്റ് യോഗത്തില്‍ സന്നിഹിതരായിരുന്നു.

നാസി ഡോക്ടര്‍മാരുടെ കൈയാല്‍ നിഷ്‌കരുണം വധിക്കപ്പെട്ടവരുടെ ബന്ധുക്കളില്‍ ചിലര്‍ പാര്‍ലമെന്റിലെ അനുസ്മരണാ ചടങ്ങില്‍ പങ്കെടുത്ത് ദുരിത കഥകള്‍ പങ്കുവച്ചു. ഓഷ്വിറ്റ്‌സ് ക്യാമ്പ് സ്ഥിതിചെയ്യുന്ന പോളണ്ടിലും ഇന്നലെ ക്യാമ്പ് വിമോചനത്തിന്റെ 72 ആം വാര്‍ഷികം ആചരിച്ചു.

1945 ജനുവരി 27നാണ് റഷ്യന്‍ റെഡ് ആര്‍മി ക്യാമ്പിലെത്തിയത്.എല്ലും തോലുമായ ഏഴായിരത്തോളം തടവുകാരാണ് അപ്പോള്‍ അവിടെ അവശേഷിച്ചിരുന്നത്.നിരവധി മൃതദേഹങ്ങളും തലമുടിക്കെട്ടുകളും തടവുകാരുടെ വക സാധനങ്ങളും കാണപ്പെട്ടു. നാസി സൈനികര്‍ നേരത്തെ ജര്‍മനിയിലേക്കു പലായനം ചെയ്തിരുന്നു.

നാസികള്‍ കൂട്ടക്കൊല ചെയ്ത 60 ലക്ഷം പേരില്‍ 11 ലക്ഷം പേരും കൊല്ലപ്പെട്ടത് ഓഷ്വിറ്റ്‌സിലായിരുന്നു. കൂട്ടക്കൊലയില്‍നിന്നു രക്ഷപ്പെട്ട ഏതാനും പേരും ഓഷ്വിറ്റ്‌സിലെ അനുസ്മരണാച്ചടങ്ങില്‍ പങ്കെടുത്തു. പോളിഷ് പ്രധാനമന്ത്രി ബിറ്റാ സിഡ്‌ലോ അധ്യക്ഷത വഹിച്ചു. റഷ്യന്‍, ഇസ്രേലി പ്രതിനിധി സംഘങ്ങള്‍ ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ സംഘങ്ങളും ചടങ്ങിനെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.