1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2015

സ്വന്തം ലേഖകന്‍: ആല്‍പ്‌സ് പര്‍വതനിരകളില്‍ തകര്‍ന്നു വീണ ജര്‍മ്മന്‍ വിങ്‌സ് വിമാനം തലേദിവസം സാങ്കേതികതകരാര്‍ മൂലം നിലത്തിറക്കിയിരുന്നു എന്ന് സൂചന. ലാന്‍ഡ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് അടക്കമുള്ള സാങ്കേതിക തകരാര്‍ വിമാനത്തിന് ഉണ്ടായിരുന്നു എന്നാണ് വിവരം.

അപകടത്തിനു തൊട്ടു പിന്നാലെ ഇക്കാര്യങ്ങള്‍ പുറത്തുവന്നതോടെ സുരക്ഷാ ഭയം കാരണം പൈലറ്റുമാര്‍ അടക്കമുള്ള ജീവനക്കാര്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ വിങ്‌സിന്റെ സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. കമ്പനിയുടെ എയര്‍ബസ് എ 320 വിമാനങ്ങള്‍ എല്ലാം തന്നെ അടിയന്തര പരിശോധനക്ക് വിധേയമാക്കാന്‍ മാനേജ്‌മെന്റ് നിര്‍ദേശം നല്കി.

ജര്‍മ്മന്‍ വിങ്‌സിന്റെ വിമാനങ്ങള്‍ പലതും റദ്ദായതോടെ പ്രമുഖ വിമാനത്താവളങ്ങളിലെല്ലാം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം 150 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ കാരണത്തെപ്പറ്റി വ്യക്തമായ സൂചനകളൊന്നുമില്ല. വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് കണ്ടുകിട്ടിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നാണ് സൂചന.

അപകടം സംഭവിക്കുന്നതിന് ഏതാനും മിനിട്ടു മുമ്പ് സഹ പൈലറ്റ് കോക്ക്പിറ്റ് വിട്ടുപോയതായി വാര്‍ത്തകളുണ്ട്. അതേസമയം മോശം കാലാവസ്ഥയോ ഭീകരബന്ധമോ അല്ല അപകടകാരണമെന്ന് വ്യക്തമായിട്ടുണ്ട്. സ്‌പെയിനിലെ ബാര്‍സലോനയില്‍നിന്ന് ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫിലേക്കു പറന്ന വിമാനമാണ് ഫ്രാന്‍സില്‍ ആല്‍പ്‌സ് പര്‍വതനിരയില്‍ തകര്‍ന്നുവീണത്.

ലോക വ്യോമയാനരംഗത്തെ പ്രമുഖരായ ലുഫ്താന്‍സയുടെ ചെലവു കുറഞ്ഞ വിമാന സര്‍വീസാണ് ജര്‍മന്‍ വിങ്‌സ്. മരിച്ചവരില്‍ 67 പേര്‍ ജര്‍മന്‍കാരാണ്. മരിച്ചവരില്‍പ്പെട്ട 16 കുട്ടികള്‍ ഒരേ ക്ലാസില്‍ പഠിച്ചിരുന്നവരാണ്. വിമാനത്തില്‍ സ്‌പെയിനില്‍ നിന്നുള്ള യാത്രക്കാര്‍ 45 പേരുണ്ടായിരുന്നു.

അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും മോശപ്പെട്ട കാലാവസ്ഥ തിരച്ചില്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്. വിമാനം നേരെ വന്നു മൂക്കു കുത്തി വീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷി വിവരണം.

അതേസമയം ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ജീവനക്കാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നുവെന്നും എത്രയും വേഗം വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും ലുഫ്താന്‍സ മേധാവി കാര്‍സ്റ്റന്‍ സ്‌പോഹര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.