
സ്വന്തം ലേഖകൻ: ജര്‍മനിയിലെ വിമാനത്താവളങ്ങളില്‍ നീണ്ട ക്യൂ ഒഴിവാക്കി സുരക്ഷാ പരിശോധനകള്‍ വേഗത്തിലാക്കുന്നു. വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ ഇപ്പോഴുള്ള സമയ നഷ്ടം ഒഴിവാക്കി പുതുവിപ്ളവം സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭാവിയില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ പുതിയ തരം സിടി സ്കാനറുകളും നിയന്ത്രണ പാതകളും ഉപയോഗിക്കും.
നീണ്ട ക്യൂ ഇനി വെറും ചരിത്രമാകും. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ പഴയതിന്റെ സ്ഥാനത്ത് പുതിയ സ്കാനറുകള്‍ എത്തിയതോടെ യാത്രക്കാരുടെ ഹാന്‍ഡ് ലഗേജുകളുടെ പരിശോധന വര്‍ഷാരംഭം മുതല്‍ പുനഃസംഘടിപ്പിച്ചു. എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ ഫ്രാങ്ക്ഫർട്ട് എയർപോര്‍ട്ട് സ്വകാര്യ സേവന ദാതാക്കളുടെ മാനേജ്മെന്റും ഫെഡറല്‍ പൊലീസില്‍ നിന്നു പുതിയ സുരക്ഷാ സാങ്കേതികവിദ്യയുടെ സംഭരണവും ഏറ്റെടുത്തു.
സുരക്ഷാ പരിശോധനകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂകള്‍, കൂടുതല്‍ മണിക്കൂര്‍ കാത്തിരിപ്പ്, മിസ്ഡ് ഫ്ലൈറ്റുകള്‍ തുടങ്ങിയവ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ പുതിയ സാങ്കേതികവിദ്യ ഉറപ്പാക്കുകയാണ്. കമ്പ്യൂട്ടര്‍ ടോമോഗ്രാഫുകള്‍ പോലെ പ്രവര്‍ത്തിക്കുന്ന പുതിയ സ്കാനറുകള്‍ ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രവര്‍ത്തിക്കും.
ആധുനിക ഹാന്‍ഡ് ലഗേജ് സ്കാനറുകള്‍ മ്യൂണിക്ക് എയര്‍പോര്‍ട്ടിലെ സുരക്ഷാ പരിശോധനകള്‍ വേഗത്തിലും സൗകര്യപ്രദവുമാക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ദ്രാവകങ്ങള്‍ക്കുള്ള 100 മില്ലി ലിറ്ററിന്റെ നിയമവും മാറ്റിയേക്കും. മ്യൂണിക്കില്‍ വിമാനത്തില്‍ കയറുന്ന ആര്‍ക്കും ഭാവിയില്‍ ലളിതമായ സുരക്ഷാ പരിശോധനകള്‍ പ്രതീക്ഷിക്കാം. ഏതാണ്ട് പൂര്‍ണ്ണമായും 3ഡി ഹാന്‍ഡ് ലഗേജ് സ്കാനറുകളിലേക്ക് നവീകരിക്കുന്ന ജര്‍മ്മനിയിലെ ആദ്യത്തെ വിമാനത്താവളമാണ് മ്യൂണിച്ച്.
ഫ്രാങ്ക്ഫർട്ട് എയർപോര്‍ട്ട് ജീവനക്കാര്‍ ബാഗുകളുടെ ഉള്ളടക്കം 3 ഡിയില്‍ കാണും. ഖര, ദ്രവ സ്ഫോടക വസ്തുക്കളും ഉപകരണങ്ങള്‍ കണ്ടെത്തുന്നു. അതിനാല്‍, ദ്രാവകങ്ങളും ഇലക്രേ്ടാണിക് ഉപകരണങ്ങളും ഇനി പോക്കറ്റില്‍ നിന്ന് എടുക്കേണ്ടതില്ല. സെക്യൂരിറ്റി ചെക്ക് പെട്ടെന്നാവുമെന്നു ചുരുക്കം.
2023ന്റെ ആദ്യ പാദത്തില്‍, ഈ നൂതന സിടി സ്കാനറുകളില്‍ ഏഴെണ്ണം മാത്രമേ പ്രവര്‍ത്തനക്ഷമമാകൂ. ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ആകെ 186 കണ്‍ട്രോള്‍ പാതകളുള്ളതിനാല്‍ എല്ലാം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്ന് ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ പറഞ്ഞു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളം മുഴുവന്‍ പുതിയ സാങ്കേതികവിദ്യ കൊണ്ട് സജീകരിക്കപ്പെടുന്നതിന് അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല