1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2020

സ്വന്തം ലേഖകൻ: നവംബർ 2 മുതൽ ജർമനിയിൽ കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ മെർക്കൽ. വൈറസിന്‍റെ വ്യാപനം എങ്ങനെ നിയന്ത്രിക്കാമെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വിര്‍ച്ച്വല്‍ മീറ്റിങ്ങിലാണ് കടുത്ത നടപടികള്‍ തീരുമാനിച്ചത്. ക്രിസ്മസ് സംരക്ഷിക്കാന്‍’ ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കുന്ന ലോക്ഡൗണ്‍ നവംബര്‍ 2 തിങ്കളാഴ്ച മുതല്‍ നാലാഴ്ചത്തേയ്ക്കാണ്.

ഈ കാലയളവിൽ കഫേകള്‍, റസ്റ്റോറന്‍റുകള്‍, ബാറുകള്‍, തിയേറ്ററുകള്‍, ഓപ്പറകൾ എന്നിവയും സാംസ്കാരിക ഒഴിവുസമയ കേന്ദ്രങ്ങളും അടഞ്ഞുകടക്കും. എന്നാല്‍ സ്കൂളുകളും കിന്‍ഡര്‍ ഗാര്‍ഡനുകളും കടകളും തുറക്കും. രണ്ട് വീടുകളില്‍ നിന്ന് ഒത്തുചേരുന്നവരുടെ പരമാവധി എണ്ണം പത്തായി പരിമിതപ്പെടുത്തി.

സാമൂഹിക സമ്പര്‍ക്കങ്ങളില്‍ കുറവുണ്ടായില്ലെങ്കില്‍, ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിദിന രോഗികളുടെ എണ്ണം 28,000 എത്തുമെന്നു സര്‍ക്കാര്‍ കണക്കാക്കുന്നു. ഇതാവട്ടെ നിലവിലെ കണക്കുകളുടെ ഇരട്ടിയുമാണ്. ശക്തമായ നടപടികള്‍ക്കായി വൈറോളജിസ്റ്റ് ക്രിസ്റ്റ്യന്‍ ഡ്രോസ്റ്റണും ബയേണ്‍ മുഖ്യമ്യമന്ത്രി മാര്‍ക്കൂസ് സോഡറും ആവശ്യപ്പെട്ടുവെങ്കിലും 16 മുഖ്യമന്ത്രിമാരുടെ ഭൂരിപക്ഷ അഭിപ്രായത്തോട് മെര്‍ക്കല്‍ യോജിയ്ക്കുകയായിരുന്നു. പുതിയ നിയന്ത്രണങ്ങളില്‍ ഷട്ട്ഡൗണ്‍ ബാധിത മേഖലകള്‍ക്ക് ജര്‍മ്മനി 10 ബില്യൻ യൂറോ സഹായം നല്‍കുമെന്നും മെര്‍ക്കല്‍ പറഞ്ഞു.

രാജ്യത്തെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് പൊതു സ്ഥലങ്ങളിലും അപ്പാര്‍ട്ടുമെന്‍റുകളിലും സ്വകാര്യ പ്രദേശങ്ങളിലും ആഘോഷിക്കുന്ന ആളുകളുടെ ഗ്രൂപ്പുകള്‍ക്കും നിരോധനമുണ്ട്. വ്യക്തിഗത പരിചരണ മേഖലയിലെ സേവനമായ കോസ്മെറ്റിക് സ്റ്റുഡിയോകള്‍, മസാജ് പരിശീലനങ്ങള്‍, ടാറ്റൂ സ്റ്റുഡിയോകള്‍, സമാന ബിസിനസുകള്‍ എന്നിവ അടയ്ക്കും. എന്നാല്‍ വൈദ്യശാസ്ത്രപരമായി ആവശ്യമായ ചികിത്സകള്‍ക്കുള്ള ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി എന്നിവ അനുവദിയ്ക്കും. നിലവിലുള്ള ശുചിത്വ നയമനടപടികളില്‍ ഹെയര്‍ഡ്രെസിംഗ് സലൂണുകള്‍ തുറന്നിരിക്കും. വീട്ടില്‍ ഉപഭോഗത്തിനായി ഭക്ഷണം എത്തിക്കുന്നതിനും ശേഖരിക്കുന്നതിനും അനുമതിയുണ്ട്. കാന്‍റീനുകളും തുറക്കാം.

ബ്രിട്ടനിലാകട്ടെ വെസ്റ്റ് യോർക്ക്ഷയർ ഞായറാഴ്ച അർദ്ധരാത്രി മുതൽ ടയർ 3 ലോക്ക്ഡൗണിലേക്ക് കടക്കും. 2.3 ദശലക്ഷം ആളുകൾ താമസിക്കുന്ന ലീഡ്സ്, ബ്രാഡ്‌ഫോർഡ് നഗരങ്ങൾ ഉൾപ്പെടുന്ന ഈ മേഖലയ്ക്ക് 59.3 മില്യൺ പൗണ്ടിലധികം വരുന്ന ഒരു സാമ്പത്തിക പാക്കേജ് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. കാസിനോകൾ, സോഫ്റ്റ് പ്ലേ, മുതിർന്നവർക്കുള്ള ഗെയിമിംഗ് സെന്ററുകൾ, വാതുവയ്പ്പ് കേന്ദ്രങ്ങൾ, കാർ ബൂട്ട് വിൽപ്പന എന്നിവ അടഞ്ഞു കിടക്കും. പബ്ബുകളും ബാറുകളും തുറക്കാനും അനുമതിയില്ല.

ടിയർ ത്രീ ലോക്ക്ഡൌണിൽ സ്വകാര്യ ഗാർഡനുകൾ ഉൾപ്പെടെ വീടിനകത്തോ പുറത്തോ മറ്റൊരു വീട്ടിൽ നിന്നുള്ളവർക്ക് കൂടിച്ചേരാൻ കഴിയില്ല. കണക്കുകൾ പ്രകാരം യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയനിൽ 37 പേരിൽ ഒരാൾക്ക് വൈറസ് ബാധിക്കുന്നുവെന്നാണ്. നോർത്ത് വെസ്റ്റ് മേഖലയ്ക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച പ്രദേശമാണ് വെസ്റ്റ് യോർക്ക്ഷെയർ. നവംബർ 2 ന് വെസ്റ്റ് യോർക്ക്ഷയർ ടിയർ ത്രീ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലേക്ക് പോകുമ്പോൾ, ഇംഗ്ലണ്ടലെ അഞ്ചിലൊന്ന് ജനങ്ങൾ കർശനമായ കൊറോണ വൈറസ് നിയന്ത്രണങ്ങൾക്ക് വിധേയമാകും. ഇതോടെ ഏകദേശം പതിനൊന്ന് ദശലക്ഷം ജനങ്ങളാണ് രാജ്യമൊട്ടാകെ കർശന കൊവിഡ് നിയന്ത്രത്തിന് കീഴിലാകുന്നത്.

നിലവിൽ ബ്രാഡ്‌ഫോർഡിൽ കൗണ്ടിയിൽ വൈറസ് വ്യാപനം ഇപ്പോൾ ഒരു നിർണായക ഘട്ടത്തിലാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഈ പ്രദേശത്ത് പ്രായമായവരിൽ രോഗവ്യാപനം വർധിക്കുന്നത് എൻ‌എച്ച്എസിലും സമ്മർദ്ദം ഉണ്ടാക്കുന്നു. അതേസമയം കൂടുതൽ സാമ്പത്തിക നിയന്ത്രണങ്ങൾ ബിസിനസുകൾക്കും ജോലികൾക്കും ദോഷം വരുത്തുമെന്ന് ബ്രാഡ്‌ഫോർഡ് കൗൺസിൽ നേതാവും വെസ്റ്റ് യോർക്ക്ഷയർ സംയോജിത അതോറിറ്റിയുടെ ചെയർമാനുമായ സൂസൻ ഹിഞ്ച്ക്ലിഫ് മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.