1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2020

സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനങ്ങളെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. തുടരുന്ന പ്രതിസന്ധിയില്‍ ജര്‍മനിക്കാര്‍ വലിയ സമ്മര്‍ദമാണ് നേരിടുന്നത്. സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ പൗരന്‍മാര്‍ക്കു സാധിക്കുന്നതായും മെര്‍ക്കല്‍ സാമ്പത്തിക ഉച്ചകോടിയില്‍ വിലയിരുത്തി. ജനാധിപത്യത്തിനു തന്നെ ബാധ്യതയാകുന്ന തരത്തിലുള്ളതാണ് പല തീരുമാനങ്ങളും എന്നു തിരിച്ചറിയുന്നു. എന്നാല്‍, അവ ഒഴിവാക്കാന്‍ കഴിയാത്തതാണെന്നും ചാന്‍സലര്‍ പറഞ്ഞു.

ജർമനിയിൽ നവംബർ അവസാനം വരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗൺ ലൈറ്റ് ചാൻസലർ അംഗല മെർക്കൽ 2021 ജനുവരി അവസാനം വരെ നീട്ടുമെന്ന് സൂചന. സഹപ്രവർത്തകരായ മറ്റു മന്ത്രിമാരോടും ആരോഗ്യമന്ത്രി യെൻസ് സഫാനുമായി ഈ കാര്യത്തിൽ നീണ്ട ചർച്ച നടത്തി ധാരണയിലെത്തിയതായിട്ടാണ് വാർത്താ ഏജൻസികൾ ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ശൈത്യകാലത്ത് യൂറോപ്പിലും, ജർമനിയിലും കൊവിഡ് വ്യാപനം കൂടുമെന്നുള്ള പ്രവചനത്തിന് തടയിടുകയാണ് ലോക്ഡൗൺ ലൈറ്റ് കൊണ്ട് ചാൻസലർ മെർക്കൽ ഉദ്ദേശിക്കുന്നത്.ജർമനിയിൽ കഴിഞ്ഞ ദിവസം പുതിയതായി 22609 പേരെ കൊവിഡ് ബാധിച്ചു. 27980 പേർക്ക് ഇപ്പോൾ ജർമനിയിൽ കൊവിഡ് ബാധിതരുണ്ട്. 3561 പേർ തീവ്രപരിചരണ വാർഡിലും വെന്റിലറ്ററിലുമായി കഴിയുന്നതായിട്ടാണ് റിപ്പോർട്ട്. ജർമനിയിൽ ഇതിനകം 13370 പേർ കൊവിഡ് മൂലം മരിച്ചു.

കഴിഞ്ഞ ഒരൊറ്റദിവസം കൊണ്ട് 251 പേർ കൊവിഡ് ബാധിച്ച് മരണമടഞ്ഞത് ജർമൻ ആരോഗ്യവകുപ്പിനെ ഞെട്ടിച്ചുകളഞ്ഞു.ഇങ്ങനെ പോയാൽ ക്രിസ്മസ് കാലത്ത് പ്രതിദിനം 15000 ത്തിലധികം പേർക്ക് കൊവിഡ് ബാധ ഉണ്ടാകുമെന്നുള്ള സൂചന നൽകുന്ന പ്രവചനം വിദഗ്ധർ പുറത്ത് വിട്ടിരിക്കുന്നത്. അതുകൊണ്ട് ലോക്ഡൗൺ ലൈറ്റ് അല്ല ജർമനിക്ക് ആവശ്യം. ലോക്ഡൗൺ ഹാർഡ് തന്നെയാവട്ടെ എന്നു ചിലർ മെർക്കലിനെ പ്രേരിപ്പിക്കുന്നുണ്ട്.

കൊവിഡ് വാക്സിൻ ഡിസംബറിൽ തന്നെ യൂറോപ്പിൽ കുത്തിവെച്ചു തുടങ്ങുമെന്ന് ചാൻസലർ മെർക്കൽ ഇന്നലെ വീഡിയോ കോൺഫറൻസ് വഴി യൂറോപ്യൻ നേതാക്കളെ അറിയിച്ചു.പുതിയ വാക്സിനെപ്പറ്റിയുള്ള വിവരങ്ങൾ ആശ്വസകരമെന്നും 95 ശതമാനവും വാക്സിൻ‍ വിജയിച്ചുകഴിഞ്ഞതിൽ മാനവരാശി അഭിമാനം കൊള്ളുന്നുവെന്നും ചാൻസലർ കൂട്ടിച്ചേർത്തു. യൂറോപ്പിലെയും യുഎസിലെയും ലാബുകളിൽ ഉറക്കമൊഴിഞ്ഞ് പണിയെടുക്കുന്നവർക്കും യൂറോപ്യൻ യൂണിയൻ ജനതയുടെ പേരിൽ പ്രത്യേക നന്ദിയും മെർക്കൽ രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.