1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2021

സ്വന്തം ലേഖകൻ: ജര്‍മനിയില്‍ പ്രതിദിനം 50,000 ത്തിലധികം കേസുകള്‍. രാജ്യത്ത് വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 50,196 രോഗബാധയാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ജര്‍മനിയില്‍ ആദ്യമായാണ് 50,000 ത്തിലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല, ഒക്ടോബര്‍ മധ്യം മുതല്‍ രോഗബാധയും മരണങ്ങളും കുതിച്ചുയരുകയാണ്.

സ്ഥാനമൊഴിയുന്ന ചാന്‍സലര്‍ ഏഞ്ചല മാര്‍ക്കല്‍ കോവിഡ് രോഗബാധയുടെ വര്‍ധനവിനെ ‘നാടകീയം’ എന്ന് വിശേഷിപ്പിച്ചു. മഹാമാരി ഒരു പുതിയ ഗംഭീരമായ രീതിയില്‍ മടങ്ങി വരുന്നെന്ന്’ ഏഞ്ചല മാര്‍ക്കലിന്റെ വക്താവ് പറഞ്ഞു. രോഗവ്യാപനം തടയാന്‍ അധികാരികള്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജര്‍മനിയിലെ വാക്‌സിനേഷന്‍ നിരക്ക് 67 ശതമാനം മാത്രമായതിനാല്‍ ആശുപത്രികളില്‍ സമ്മര്‍ദ്ദം കൂടുകയാണ്. സാക്‌സോണി, ബവാരിയ, ബര്‍ലിന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വാക്‌സിനേഷന്‍ സ്വീകരിക്കാത്ത ആളുകള്‍ക്ക് പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച മുതല്‍ ബെര്‍ലിനില്‍ റസ്‌റ്റോറന്റുകള്‍, ടെറസ്സുകള്‍, ബാറുകള്‍, കായിക ഹാളുകള്‍, സലൂണുകള്‍ എന്നിവിടങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കാത്ത ആളുകളെ പ്രവേശിപ്പിക്കുന്നത് തടയും. മഹാമാരിയുടെ പ്രാരംഭം മുതല്‍ ജര്‍മനിയില്‍ 4.9 മില്യണ്‍ ആളുകള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.

നിലവില്‍ അമേരിക്ക, റഷ്യ, ബ്രസീല്‍, തുര്‍ക്കി, ജര്‍മനി എന്നീ രാജ്യങ്ങളാണ് ലോകത്തില്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകം മുഴുവനും പ്രതിവാര കോവിഡ് മരണത്തില്‍ നാല് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മരണ നിരക്ക് കുറയാത്ത ഏക മേഖല യൂറോപ്പാണ്.

31 ലക്ഷം പുതിയ രോഗബാധയാണ് ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ഈ ആഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. പുതിയ കേസുകളില്‍ മൂന്നില്‍ രണ്ടും യൂറോപ്പിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ അപേിച്ച് യൂറോപ്പില്‍ പുതിയ കോവിഡ് കേസുകള്‍ ഏഴ് ശതമാനമാണ് വര്‍ധിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.