
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം ശക്തമാകുന്ന ജർമനയിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. ഏപ്രിൽ ഒന്നിനും അഞ്ചിനും ഇടയിൽ രാജ്യത്ത് കർശനമായ അടച്ചുപൂട്ടൽ നടത്തുമെന്ന് ചാൻസലർ ആംഗല മെർക്കൽ അറിയിച്ചു.
16 സംസ്ഥാന ഗവർണർമാരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനമായത്. പ്രതിദിന കോവിഡ് ബാധ ആളോഹരി കണക്കിൽ അമേരിക്കയേക്കാൾ കൂടിയതായും വൈറസിന്റെ മൂന്നാംവരവാണ് രാജ്യം നേരിടുന്നതെന്നും ആംഗല മെർക്കൽ ചൂണ്ടിക്കാട്ടി.
വൈറസിന്റെ മൂന്നാംവകഭേദമാണ് പുതുതായി റിപ്പോർട്ട് ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി. “തികച്ചും വ്യത്യസ്തമായ വൈറസാണ് ഇപ്പോൾ കാണപ്പെടുന്നത്. നേരത്തെ കണ്ടെത്തിയിരുന്ന വൈറസിനെ അപേക്ഷിച്ച് കൂടുതൽ മരണനിരക്കിന് ഇടയാക്കുന്നതും വ്യാപനശേഷി കൂടുതലുള്ളതുമായ വൈറസാണിത്,“ അവർ പറഞ്ഞു.
ഈസ്റ്ററിന് മതപരമായ സേവനങ്ങൾ ഓൺലൈനായി മാറ്റും. ഏപ്രിൽ മൂന്നിന് പലചരക്ക് വ്യാപാരികളെ മാത്രമേ തുറക്കാൻ അനുവദിക്കുകയുള്ളുവെന്നും മെർക്കൽ വ്യക്തമാക്കി. സാംസ്കാരിക, കായിക മേഖലകൾ ഏപ്രിൽ 18 വരെ അടച്ചിടാനും തീരുമാനമായി.
രാജ്യത്തെ സ്ഥിതി ഇപ്പോൾ ഗുരുതരമാണ്. കേസുകളുടെ എണ്ണം ഗണ്യമായി വർധിക്കുകയും തീവ്രപരിചരണ കിടക്കകൾ നിറയുകയുമാണെന്ന് മെർക്കൽ പറഞ്ഞു. അതേസമയം, ജനിതകമാറ്റം സംഭവിച്ച കോവിഡാണ് ജർമനിയിൽ വ്യാപിക്കുന്നതെന്നാണ് വിവരങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല