1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2024

സ്വന്തം ലേഖകൻ: യുകെയ്ക്കും ജപ്പാനും പുറകേ ജർമനിയിലും കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന് അവിടത്തെ കേന്ദ്ര ബാങ്കിന്റെ പ്രതിമാസ റിപ്പോർട്ട്. ഡിമാൻഡ് കുറയുന്നതും, നിക്ഷേപം കുറയുന്നതും, വായ്പ ചെലവ് ഉയരുന്നതും സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ മുരടിപ്പിക്കുകയാണ്. രണ്ട് പാദത്തിൽ തുടർച്ചയായി സാമ്പത്തിക വളർച്ചയിൽ മുരടിപ്പ് കണ്ടാൽ അത് മാന്ദ്യമാകും എന്ന അളവ്കോൽ വച്ച് പരിശോധിക്കുകയാണെങ്കിൽ ജർമനിയിൽ ഇത് നാലാം പാദത്തിലും പ്രശ്നങ്ങൾ തുടരുകയാണ്. സമ്പദ് വ്യവസ്ഥക്ക് കരകയറാൻ പറ്റുന്നില്ല എന്നതാണ് ജർമനിയുടെ പ്രധാന പ്രശ്‍നം.

റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ ഇന്ധനക്ഷാമം ജർമനിയെ വലച്ചു തുടങ്ങിയിരുന്നു. റഷ്യയിൽ നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നത് നിർത്തിയ ജർമനി, ഇന്ത്യയിൽ നിന്നും ‘റഷ്യൻ’ ഇന്ധനം കൂടുതല്‍ വില കൊടുത്ത് വാങ്ങാൻ നിർബന്ധിതരായിരുന്നു. ഇന്ധന വില എല്ലാ മേഖലകളെയും ബാധിക്കാൻ തുടങ്ങിയതോടെ പണപ്പെരുപ്പവും കൂടാൻ തുടങ്ങി. 4 ശതമാനം വരെ ഗ്യാസിനും, ഹീറ്ററിനും മറ്റുമുള്ള ഊർജ ചെലവുകൾ നേരിട്ട് കൂട്ടിയിരുന്നു. സാധാരണക്കാരെയായിരുന്നു ഈ നീക്കം ഏറ്റവും മോശമായി ബാധിച്ചത്.

യുക്രെയ്നിൽ നിന്നുള്ള ഭക്ഷ്യ വസ്തുക്കളുടെ വരവ് കുറഞ്ഞതും ജർമനിയിൽ ഭക്ഷ്യ വിലക്കയറ്റം രൂക്ഷമാക്കി. ജർമനിയിലെ ‘ഹെവി ഇൻഡസ്ട്രി’ മേഖലക്ക് ഊർജ ചെലവിലേക്ക് ‘കനത്ത തുക’ നൽകേണ്ടി വരുന്നത് അവരുടെ ലാഭം കുത്തനെ കുറയ്ക്കുകയാണ്. പണപ്പെരുപ്പം കുറയ്ക്കാൻ പലിശ നിരക്കുകൾ വർധിപ്പിച്ചതോടെ വ്യവസായങ്ങൾക്ക് കടമെടുത്തു കാര്യങ്ങൾ നടത്താൻ പറ്റാതെയുമായി. ഈ പ്രശ്നങ്ങൾക്കിടയ്ക്ക് വേതന വർദ്ധനവ് നാമമാത്രമായി പോലും നടക്കാതെയുമായി. ഗതാഗത മേഖലയിൽ വരെ പണിമുടക്കുകൾ ഉണ്ടായതും ഇനി വരുന്ന പാദത്തിലും ജർമനിയുടെ വളർച്ചക്ക് തിരിച്ചടിയാകും.

താഴെക്കിടയിൽ ഉള്ള ജോലിക്കാർക്ക് തങ്ങൾ വാങ്ങിച്ചിരുന്ന പല സാധനങ്ങളും വാങ്ങാൻ പണം തികയാതിരിക്കുകയും, ഹീറ്റർ പ്രവർത്തിപ്പിക്കുന്നതിന് പണമില്ലാത്തതിനാൽ കുടുംബത്തിലെല്ലാവരും കൂടി ഒരു മുറിയിൽ മാത്രം ഹീറ്റർ പ്രവർത്തിപ്പിക്കാൻ നിർബന്ധിതരാകുകയും, പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കാൻ പോലും വേതനം തികയാതെ വരുകയും ചെയ്യുന്ന അവസ്ഥ ജർമനിയിൽ ഉണ്ടെന്ന് കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടത്തിയ ഒരു സർവേയിലൂടെ പുറത്തു വന്നിരുന്നു.

“ഒറ്റക്ക് കുഞ്ഞുങ്ങളെ വളർത്തുന്ന അമ്മമാരുടെ സ്ഥിതി വളരെ ശോചനീയമാണ്. ഇത്തരം വീടുകളിൽ, കുട്ടികളുടെ ഭക്ഷണത്തിനു മുന്‍ഗണന കൊടുത്ത് അമ്മമാർ പ്രാതലോ അത്താഴമോ ഒഴിവാക്കേണ്ട അവസ്ഥയും ഉണ്ടെന്ന് ” ഈ സർവേ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വൈദഗ്ധ്യമുള്ള മേഖലകളിൽ ജോലി സാധ്യതകൾ കുറയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജർമ്മനിയിലേക്കുള്ള കുടിയേറ്റക്കാർക്ക്, പ്രത്യേകിച്ച് യൂറോപ്യൻ യൂണിയന് പുറത്ത് നിന്ന് വരുന്നവരുടെ പ്രധാന തടസ്സങ്ങൾ പരിഹരിക്കുന്നതിനായി പുതിയ ഇമിഗ്രേഷൻ നിയമം കൊണ്ടുവന്നിട്ടുണ്ട്. യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള തൊഴിലാളികളുടെ എണ്ണം കൂട്ടാനും ഇതിൽ പദ്ധതിയുണ്ട്.

അംഗീകൃത പ്രൊഫഷണൽ അല്ലെങ്കിൽ യൂണിവേഴ്സിറ്റി ബിരുദവും ഒരു തൊഴിൽ കരാറും, ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്തിട്ടുള്ള രണ്ട് വർഷത്തെ പരിചയവും, ബിരുദം അല്ലെങ്കിൽ തൊഴിൽ പരിശീലനവും, ജോബ് ഓഫർ ഇല്ലെങ്കിലും ജോലി കണ്ടെത്താൻ സാധ്യതയുള്ളവർക്കുള്ള ‘അവസര കാർഡ്’ എന്നിവയുള്ളവർക്കെല്ലാം ഇപ്പോഴും ജര്‍മനിയിൽ കൂടുതൽ അവസരങ്ങളുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്. മലയാളികളടക്കം ധാരാളം ഇന്ത്യക്കാർ പഠിക്കുവാൻ തിരഞ്ഞെടുക്കുന്ന രാജ്യമായ ജർമ്മനി മാന്ദ്യത്തിലേക്ക് വീഴുന്നതിൽ കേരളത്തിലെ കുടുംബാംഗങ്ങളിലും ആശങ്കയുണ്ട്.

എന്നാൽ യുദ്ധം കഴിഞ്ഞാൽ ജർമ്മൻ സമ്പദ് വ്യവസ്ഥ ശക്തി പ്രാപിക്കും എന്ന ശുഭാപ്തി വിശ്വാസവും ഇവർക്കുണ്ട്. റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിൽ പിന്നെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലൂടെ കടന്നുപോയികൊണ്ടിരിക്കുന്നത്. ജർമനിയുടെ മാന്ദ്യം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കു പടരുമോ എന്ന ആശങ്കയും സാമ്പത്തിക ശാസ്ത്രജ്ഞർക്കുണ്ട്. എന്നാൽ ജർമനിയുടെ ഓഹരി വിപണി ഇതൊന്നും കൂസാതെ പുതിയ ഉയരങ്ങൾ തൊടുന്ന തിരക്കിലാണ്. കഴിഞ്ഞ അഞ്ചു വർഷത്തിൽ ജർമൻ ഓഹരി വിപണി ‘ഡാക്സ്’ 49 ശതമാനം ഉയർന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.