
സ്വന്തം ലേഖകൻ: സന്ദര്‍ശക വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ ഇളവ് പ്രഖ്യാപിച്ച് ജര്‍മനി. നേരത്തെ വീസയു ടെ അപേക്ഷാ നിരക്ക് കുറച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ അപേക്ഷകരുടെ താമസസ്ഥലം പരിഗണിക്കാതെ തന്നെ വി എഫ് എസ് ഗ്ലോബല്‍ നടത്തുന്ന രാജ്യത്തുടനീളമുള്ള എല്ലാ വീസ അപേക്ഷാ കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാനും ഷെങ്കന്‍ വീസ അപേക്ഷകള്‍ സമര്‍പ്പിക്കാനും കഴിയും.
മാത്രമല്ല അപേക്ഷകരുടെ വീടിന് അടുത്തുള്ള അപേക്ഷാ കേന്ദ്രം പൂര്‍ണമായി ബുക്ക് ചെയ്ത് കഴിഞ്ഞിട്ടുണ്ടെങ്കില്‍, ലഭ്യമായ അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകള്‍ക്കായി അവര്‍ക്ക് മറ്റ് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെ സാധ്യത പരിശോധിക്കാം. ഇത് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നത് എളുപ്പമാക്കും.
180 ദിവസത്തിനുള്ളില്‍ പരമാവധി 90 ദിവസത്തേക്ക് ജർമനിയും മറ്റ് ഷെങ്കന്‍ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നതാണ് ഹ്രസ്വകാല ഷെങ്കന്‍ വീസ. ഓസ്ട്രിയ, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്‍ഡ്, ഇറ്റലി, ലാത്വിയ, ലിച്ചെന്‍സ്‌റ്റൈന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്ലോവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് ഷെങ്കന്‍ രാജ്യങ്ങള്‍.
യാത്രക്കാരന്റെ പാസ്പോര്‍ട്ടില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറിന്റെ രൂപത്തിലാണ് ഈ വീസ നല്‍കുക. അതേസമയം വിദ്യാര്‍ത്ഥി, തൊഴില്‍, ഫാമിലി റീയൂണിയന്‍ വീസകള്‍ പോലുള്ള ദേശീയ വീസകള്‍ക്കുള്ള അപേക്ഷകള്‍ക്ക് ഇളവ് ബാധകമല്ല എന്നും എംബസി വ്യക്തമാക്കി. ജർമന്‍ ഷെങ്കന്‍ വീസയ്ക്ക് മുതിര്‍ന്നവര്‍ക്ക് 80 യൂറോയും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് 40 യൂറോയും, വര്‍ക്ക് പെര്‍മിറ്റിന് 75 യൂറോയാണ് നിരക്ക്.
ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വീസ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ഈ വര്‍ഷമാദ്യം ജർമനിയിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 214 ശതമാനം വര്‍ധനവുണ്ടായതായി ജർമന്‍ നാഷണല്‍ ടൂറിസ്റ്റ് ഓഫീസ് (ജിഎന്‍ടിഒ) അറിയിച്ചു. ഇന്ത്യക്കാരുടെ യൂറോപ്യന്‍ യാത്രകളില്‍ 9 ശതമാനവും ജര്‍മനിയിലേക്കാണ്. ഇതില്‍ 55 ശതമാനം ഇന്ത്യക്കാര്‍ വിനോദത്തിനും 38 ശതമാനം ബിസിനസിനുമായാണ് ജർമനി സന്ദര്‍ശിക്കുന്നത്.
ഒക്ടോബര്‍ ആദ്യമാണ് ദീര്‍ഘകാല ദേശീയ വീസകള്‍ക്കും ഹ്രസ്വകാല ടൂറിസ്റ്റ് വീസകള്‍ക്കുമുള്ള പ്രോസസ്സിങ് ഫീ കുറയ്ക്കുന്നു എന്ന് ജര്‍മന്‍ എംബസി അറിയിച്ചത്. അതേസമയം ജര്‍മന്‍ സ്റ്റുഡന്റ് വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ അടുത്തിടെ എടുത്ത രണ്ട് ഫോട്ടോകളും സാധുവായ പാസ്പോര്‍ട്ടിനുമൊപ്പമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല