1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2017

സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടിയില്‍ നിന്ന് ജര്‍മനി പിന്നോട്ടില്ല, യുഎസിനെതിരെ ഒളിയമ്പെയ്ത് ജര്‍മന്‍ ചാന്‍സലര്‍ മെര്‍കല്‍. ആഗോള താപനം സംബന്ധിച്ച പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാന്‍ അമേരിക്ക തീരുമാനിച്ചതോടെ കരാറിലെ വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ കൂടുതല്‍ പ്രതിജ്ഞാബദ്ധമാണെന്നും അംഗല മെര്‍കല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരു തിരിച്ചുപോക്കിനോ വിട്ടുവീഴ്ചക്കോ ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജര്‍മന്‍ പാര്‍ലമന്റില്‍ സംസാരിമ്പോഴാണ് മെര്‍കല്‍ പാരീസ് ഉടമ്പടി സംബന്ധിച്ച ജര്‍മനിയുടെ നിലപാട് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത്. ജി20 ഉച്ചകോടി ജൂലൈ ഏഴ്, എട്ട് ദിവസങ്ങളില്‍ ജര്‍മനിയിലെ ഹാംബര്‍ഗില്‍ ചേരാനിരിക്കെ പാരിസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് ഉച്ചകോടിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ടെന്നും തുറന്ന വിപണിക്കും ഉഭയകക്ഷി വ്യാപാരത്തിനും സമ്മേളനം പച്ചക്കൊടി കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

കാലാവസ്ഥവ്യതിയാനം ലോകത്തിനുമുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നിസ്സാരമായി കാണില്ല. സമുദ്രനിരപ്പ് ഉയരുന്നതിലൂടെ ആപത്ഭീഷണി നേരിടുന്ന ദ്വീപ് രാഷ്ട്രങ്ങളുടെ ആശങ്കകള്‍ ലോകനേതാക്കളുടെ മനസ്സിലുണ്ടാകണം. പാരിസ് ഉടമ്പടിയുടെ അന്തസ്സത്ത സംരക്ഷിക്കുന്ന ചര്‍ച്ചകളാണ് ഹാംബര്‍ഗില്‍ നടക്കേണ്ടത്. ഒറ്റപ്പെടല്‍ നയം സ്വീകരിച്ചോ സ്വയം സംരക്ഷണവാദം ഉന്നയിച്ചോ ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നത് അതിഗുരുതരമായ പിഴവായിരിക്കുമെന്നും മെര്‍കല്‍ യുഎസിനെതിരെ ഒളിയമ്പെയ്യുകയും ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അമേരിക്ക ഫസ്റ്റ് നയത്തെ പരോക്ഷമായി പരാമര്‍ശിച്ചു കൊണ്ടായിരുന്നു മെര്‍കലിന്റെ പ്രസംഗം. ഉച്ചകോടിക്കുമുമ്പുള്ള ദിവസങ്ങള്‍ ഹാംബര്‍ഗിലെ ജനങ്ങള്‍ക്ക് പ്രശ്‌നങ്ങളുടേതായിരിക്കാമെന്നും മെര്‍കല്‍ പറഞ്ഞു. നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടക്കും. എന്നാല്‍, ജനാധിപത്യത്തില്‍ അത് നീതിപൂര്‍വകമാണെന്നും അവര്‍ പറഞ്ഞു. ട്രംപിന്റെ നയങ്ങളോടുള്ള ജര്‍മനിയുടെ അതൃപ്തി നേരത്തേയും മെര്‍കല്‍ തുറന്നു പ്രകടിപ്പിച്ചിട്ടുള്ളതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.