
സ്വന്തം ലേഖകൻ: ജർമ്മനിയിൽ10,000 പേർക്ക് വിവിധ മേഖലകളിൽ ജോലി നൽകുന്നത് സംബന്ധിച്ച് കരാർ ഒപ്പുവയ്ക്കുന്നതിനായി ഉടൻതന്നെ മന്ത്രിതല സംഘം അവിടം സന്ദർശിക്കുമെന്ന് ഒഡെപെക് (ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽറ്റന്റ്) ചെയർമാൻ കെ.പി അനിൽകുമാർ. മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
നിയമസഭ ബജറ്റ് സമ്മേളനത്തിനു ശേഷമാകും യാത്രയെന്നും അദ്ദേഹം മനോരമയോടു പറഞ്ഞു. യുഎഇയിലെ ഒരു ഗ്രൂപ്പിന്റെ സ്കൂളിൽ നൂറ് അധ്യാപകരെ ആവശ്യമുണ്ട്. ഫുജൈറ ഭരണാധികാരിക്കു പങ്കാളിത്തമുള്ള കമ്പനിയിൽ നൂറു കണക്കിന് ജോലിക്കാരെ വിവിധ മേഖലകളിൽ ആവശ്യമുണ്ട്. ഈ രണ്ടിടത്തേക്കും റിക്രൂട്ട്മെന്റ് നടത്തി ആളുകളെ അയയ്ക്കുമെന്നും വ്യക്തമാക്കി. കഴിഞ്ഞ വർഷം മാത്രം വിവിധ മേഖലകളിൽ 767 പേർക്ക് വിദേശത്ത് ജോലി നൽകി.
അധ്യാപകർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെല്ലാം ഇതിൽ ഉൾപ്പെടും. 380 പേർക്ക് യുകെയിൽ ജോലി നൽകി. യുകെയിലേക്ക് നൂറ് റേഡിയോ ഗ്രാഫേഴ്സിനെ ഉടൻ അയയ്ക്കും. മുൻപ് നഴ്സിങ് മേഖലയിലേക്കു മാത്രമാണ് റിക്രൂട്ട്മെന്റ് നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാ മേഖലകളിലേക്കും റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. ജർമ്മൻ ഉൾപ്പടെയുള്ള ഭാഷകൾ സൗജന്യമായി പഠിപ്പിക്കുന്നുമുണ്ട്.
സൗജന്യമായും കുറഞ്ഞ പലിശയ്ക്കും വായ്പ നൽകിയും വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ അവസരമൊരുക്കുന്നു. വിദേശത്തു നിന്ന് കേരളത്തിൽ ചികിത്സ തേടാൻ താൽപര്യമുള്ളവരെ സഹായിക്കാൻ ഹെൽത്ത് ടൂറിസം വിഭാഗം തുടങ്ങും. മികച്ച ഡേറ്റയാണ് ഒഡെപക്കിലുള്ളതെന്നും അതിനാലാണ് ഏതു മേഖലയിലേക്കും വേണ്ടവരെ ഉടൻ തന്നെ റിക്രൂട്ട് ചെയ്യാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല