സ്വന്തം ലേഖകൻ: ജർമനിയിൽ ലോക്കോ പൈലറ്റുമാരുടെ പണിമുടക്ക് ആരംഭിച്ചതോടെ രാജ്യത്ത് ട്രെയിൻ ഗതാഗതം നിശ്ചലമായി. ദീര്‍ഘദൂര, പ്രാദേശിക സർവീസുകളിലെ പണിമുടക്ക് ബാധിച്ചിട്ടുണ്ട്. ഇന്നലെ രാത്രി തുടങ്ങിയ പണമുടക്ക് ഇന്ന് രാത്രി 10 മണി വരെയാണ്. ജർമൻ ട്രെയിൻ ഡ്രൈവേഴ്സ് യൂണിയനും (ജിഡിഎല്‍) ഡോഷെ ബാനും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ജിഡിഎല്‍ യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
അതേസമയം, ഗുഡ്സ് ട്രെയിനുകളുടെ പണിമുടക്ക് ഇന്നലെ വൈകിട്ട് ആറിന് ആരംഭിച്ചു. എസ്–ബാന്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ ദീര്‍ഘദൂര, പ്രാദേശിക ഗതാഗത മേഖലകളിലെ എല്ലാ ജീവനക്കാരുടെയും പണിമുടക്കിനാണ് യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സമരം ഡോഷെ ബാന്‍ നടത്തുന്ന സര്‍വീസുകളെ മാത്രമല്ല ബാധിക്കുകയെന്ന് യൂണിയന്‍ അറിയിച്ചു. മറ്റ് റെയില്‍വേ കമ്പനികളായ ട്രാന്‍സ്ദേവ് ഗ്രൂപ്പ് (ബയേറിഷെ ഒബര്‍ലാന്‍ഡ്ബാന്‍, നോര്‍ഡ്വെസ്ററ്ബാന്‍ എന്നിവയുള്‍പ്പെടെ) ബാധിക്കും.
ദീര്‍ഘദൂര, പ്രാദേശിക, ചരക്ക് ഗതാഗതത്തില്‍ വലിയ പ്രതിസന്ധിയാണ് പണിമുടക്ക് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി ട്രെയിന്‍ സര്‍വീസുകള്‍ ഏകോപിപ്പിക്കുന്ന ട്രെയിന്‍ ഡിസ്പാച്ചര്‍മാരെയും മുന്നറിയിപ്പ് പണിമുടക്കിലേക്ക് യൂണിയൻ ക്ഷണിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കിടയില്‍ യൂണിയന് ശക്തമായ സ്വാധീനമില്ല.
പണിമുടക്ക് കാരണം പലയിടത്തും റീജനല്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ റദ്ദാക്കിയെന്നാണ് റിപ്പോർട്ടുകൾ. സബര്‍ബന്‍ റെയില്‍വേ സര്‍വീസുകളിലെയും പണിമുടക്ക് ബാധിച്ചിട്ടുണ്ട്. പണിമുടക്ക് കാരണം നിങ്ങളുടെ ദീര്‍ഘദൂര ട്രെയിന്‍ യാത്ര മാറ്റിവച്ചാൽ പിന്നീടുള്ള തീയതിയില്‍ യാത്രക്കാർക്ക് ടിക്കറ്റ് ഉപയോഗിക്കാം.സീറ്റ് റിസര്‍വേഷന്‍ സൗജന്യമായി റദ്ദാക്കാം.
ഒരു ട്രെയിന്‍ റദ്ദാക്കുമെന്ന് വ്യക്തമായാല്‍, ടിക്കറ്റ് സൗജന്യമായി റദ്ദാക്കുകയും പണം വൗച്ചര്‍ രൂപത്തിലോ പേയ്മെന്റായോ തിരികെ നല്‍കുകയും ചെയ്യാം. കാലതാമസം നേരിടുകയാണെങ്കില്‍, പല കേസുകളിലും ടിക്കറ്റിന് ഭാഗികമായി പണം തിരികെ ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല