1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2022

സ്വന്തം ലേഖകൻ: നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും സംയുക്തമായി ജർമനിയിലേക്കുള്ള നഴ്സ് റിക്രൂട്ട്മെന്റായ ട്രിപ്പിള്‍ വിന്‍ പദ്ധതി പ്രകാരമുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിന്റെ രണ്ടാംഘട്ട അഭിമുഖം സമാപിച്ചു. 634 പേരാണ് അഭിമുഖത്തിനെത്തിയത്. ഇവരിൽനിന്നുള്ള 350 പേരുടെ ചുരുക്കപ്പട്ടിക നവംബർ 20 ന് പ്രസിദ്ധീകരിക്കും.

ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ കോ ഓപ്പറേഷനിലേയും ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയിലെയും ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് ക്യാംപ് ചെയ്താണ് അഭിമുഖം നടത്തിയത്. നവംബർ രണ്ടു മുതൽ 11 വരെ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലായിരുന്നു അഭിമുഖം. ചുരുക്കപ്പട്ടികയിൽ നിന്നുളള 300

നഴ്‌സുമാര്‍ക്ക് തിരുവനന്തപുരത്തും കൊച്ചിയിലും വച്ച് ജർമ്മൻ ഭാഷയിൽ ബി 1 ലവല്‍ വരെ സൗജന്യ പരിശീലനം നല്‍കും. ഇതിന് ശേഷമായിരിക്കും ഇവരെ ജര്‍മ്മനിയിലേക്ക് അയയ്ക്കുക. ജര്‍മ്മനിയില്‍ എത്തിയ ശേഷവും ഭാഷാപരിശീലനവും തൊഴില്‍ സാഹചര്യവുമായി ഇണങ്ങിചേർന്ന് ജര്‍മ്മന്‍ റജിസ്‌ടേഷന്‍ നേടാനുള്ള പരിശീലനവും സൗജന്യമായി ഇവർക്ക് ലഭിക്കും.

ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിനായി ആവിഷ്‌കരിച്ചിരിക്കുന്ന ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവും ഇതോടൊപ്പം നടന്നു. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ബി1, ബി2 ലവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള 15 ഉദ്യോഗാര്‍ഥികൾ ഇപ്രകാരം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇവർക്ക് നടപടിക്രമം പൂർത്തിയാക്കി ഉടൻ തന്നെ ജർമ്മനിയിലേക്ക് യാത്ര തിരിക്കാൻ കഴിയും. കൂടാതെ, ട്രിപ്പിൾ വിൻ ഹോസ്പിറ്റാലിറ്റി പ്രോജക്ട് ഉടൻ നിലവിൽ വരുന്നതാണെന്നും ഇതുവഴി ഹോട്ടൽ മാനേജ്മെന്റ് ടൂറിസം മേഖലകളിൽ യോഗ്യരായ ഉദ്യോഗാർഥികൾക്ക് മികച്ച അവസരം ഒരുക്കുമെന്നും നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.