1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2022

സ്വന്തം ലേഖകൻ: ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജന്‍സി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും നോർക്ക റൂട്ട്സും സംയുക്തമായി നടത്തുന്ന നഴ്സിങ്ങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിലേക്ക് അപേക്ഷിച്ച 600 പേരുടെ ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഇവർക്കായുള്ള അഭിമുഖം നവംബർ 2 മുതൽ 11 വരെ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക് അവരവരുടെ ഇന്‍റര്‍വ്യൂ സ്ലോട്ടുകൾ ഇ മെയില്‍ മുഖേന അറിയിച്ചിട്ടുണ്ട്. ലഭിക്കാത്തവർ നോര്‍ക്ക-റൂട്ട്സിന്‍റെ ടോൾ ഫ്രീ നമ്പറായ 1800-425-3939 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നു നോർക്ക സിഇഒ അറിയിച്ചു.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നഴ്സുമാര്‍ക്കായി നോർക്കയും ജർമൻ ഏജൻസികളും സംയുക്തമായി നടത്തുന്ന ഓണ്‍ലൈൻ ഏകദിന അവബോധ പരിപാടി ഒക്ടോബർ 25 ന് (ചൊവ്വാഴ്ച) 2 മണിക്ക് നടക്കും. നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ജർമനിയിലെ തൊഴിൽ സാഹചര്യം, ജീവിതപങ്കാളിക്കും കുട്ടികള്‍ക്കുമുള്ള വീസ സംബന്ധിച്ച വിവരങ്ങൾ റജിസ്റ്റേര്‍ഡ് നഴ്സ് ആയി മാറുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയയെല്ലാം ജർമൻ അധികൃതരില്‍ നിന്നു തന്നെ ചോദിച്ചറിയാനുള്ള അവസരം ഈ പരിപാടിയിൽ നിന്നു ലഭിക്കും.

ജർമൻ ഭാഷയിൽ ബി1, ബി2 ലെവൽ അംഗീകൃത യോഗ്യതയുള്ളവരും എന്നാല്‍ ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരുമായ ഉദ്യോഗാർഥികള്‍ക്കു വേണ്ടി പ്രത്യേക ഇന്‍റര്‍വ്യൂകൾ നടത്തുന്നതിനു ജർമൻ ഏജന്‍സി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ജർമൻ ഭാഷയിൽ ബി1/ബി2 ലെവല്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ (സ്പീക്കിങ്, ലിസണിങ്, റീഡിങ്, റൈറ്റിങ് എന്നീ നാലു മൊഡ്യൂളുകളും പാസ്സായവര്‍ മാത്രം) triplewin.norka@kerala.gov.in എന്ന ഇ മെയിലില്‍ അവരുടെ സിവി, ജർമൻ ഭാഷാ സര്‍ട്ടിഫിക്കറ്റ് എന്നിവ അയക്കാവുന്നതാണെന്നും നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.