1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2023

സ്വന്തം ലേഖകൻ: യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ഒരു ദശാബ്ദത്തിനിടെ ആദ്യമായി സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2014-ലാണ് ബെർലിനിൽ അവസാനമായി ബജറ്റ് വെട്ടിക്കുറയ്ക്കൽ തീരുമാനങ്ങൾ എടുക്കേണ്ടി വന്നത്. ജർമ്മനി ഔദ്യോഗികമായി മാന്ദ്യത്തിലേക്ക് വീണു എന്ന് ഔദ്യോഗിക കണക്കുകൾ വന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

സാമ്പത്തിക ഉൽപ്പാദനം വർഷത്തിന്റെ ആദ്യ പാദത്തിൽ 0.3 ശതമാനം ഇടിഞ്ഞു. തുടർച്ചയായ രണ്ടാം പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞതോടെ ജർമൻ സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങൾ രൂക്ഷമായി. പണപ്പെരുപ്പം 7.2 ശതമാനമായി ഉയർന്നതിനാൽ ഉപഭോക്തൃ ചെലവ് കുറഞ്ഞതാണ് ഈ ഇടിവിന് പ്രധാന കാരണം.

ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വ്യാഴാഴ്ച പുറത്തുവിട്ട ഡാറ്റ കാണിക്കുന്നത് ജർമ്മനിയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 0.3% കുറഞ്ഞുവെന്നാണ്. 2022ന്റെ അവസാന പാദത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിൽ 0.5% ഇടിവുണ്ടായതിനെ തുടർന്നാണിത്.

ആദ്യ പാദത്തിൽ രാജ്യത്തെ തൊഴിലവസരങ്ങൾ ഉയർന്നു, പണപ്പെരുപ്പം കുറഞ്ഞു, എന്നാൽ ഉയർന്ന പലിശനിരക്കായതോടെ നിക്ഷേപങ്ങൾ കുറഞ്ഞു. ഊർജ്ജത്തിനായുള്ള ചെലവുകൾ കൂടിയതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയായി. റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ ഉണ്ടായ ഊർജ പ്രതിസന്ധിയും പ്രശ്നങ്ങൾ വഷളാക്കി.

താഴെക്കിടയിൽ ഉള്ള ജോലിക്കാർക്ക് തങ്ങൾ വാങ്ങിയിരുന്ന പല സാധങ്ങളും വാങ്ങാൻ പണം തികയാതിരിക്കുകയും, ഹീറ്റർ പ്രവർത്തിപ്പിക്കുന്നതിന് പണമില്ലാത്തതിനാൽ കുടുംബങ്ങളെല്ലാവരും കൂടി ഒരു മുറിയിൽ മാത്രം ഹീറ്റർ പ്രവർത്തിപ്പിക്കാൻ നിർബന്ധിതരാകുകയും, പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം കഴിക്കാൻ പോലും വേതനം തികയാതെ ഇരിക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്. ഒറ്റക്ക് കുഞ്ഞുങ്ങളെ വളർത്തുന്ന അമ്മമാരുടെ സ്ഥിതി വളരെ ശോചനീയമാണ്. ഇത്തരം വീടുകളിൽ കുട്ടികളുടെ ഭക്ഷണത്തിനു മുന്‍ഗണന കൊടുത്ത് അമ്മമാർ പ്രാതലോ അത്താഴമോ ഒഴിവാക്കേണ്ട അവസ്ഥയും ഒരു സർവ്വേ റിപ്പോർട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.