1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2017

 

സ്വന്തം ലേഖകന്‍: ജര്‍മനിയും തുര്‍ക്കിയും തുറന്ന നയതന്ത്ര യുദ്ധത്തിലേക്ക്, ജര്‍മനി ഭീകരതയെ വളമിട്ടു വളര്‍ത്തുന്നെന്ന ആരോപണവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. ജര്‍മനിയില്‍ തുര്‍ക്കിയുടെ രാഷ്ട്രീയറാലികള്‍ റദ്ദാക്കിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. തുര്‍ക്കിയില്‍ ഭീകരതയ്ക്ക് ജര്‍മനി സഹായം നല്‍കുകയാണെന്ന് കുറ്റപ്പെടുത്തിയ തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിപ് എര്‍ദോഗന്‍ തുര്‍ക്കിയില്‍ അറസ്റ്റിലായ ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകന്‍ നിരോധിത കുര്‍ദിഷ് സംഘടനയായ പികെകെയുടെ ഏജന്റാണെന്നും ആരോപിച്ചു.

തുര്‍ക്കി മന്ത്രിമാര്‍ പങ്കെടുക്കേണ്ട രണ്ട് പരിപാടികള്‍ക്ക് ജര്‍മനി അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഗുരുതര ആരോപണവുമായി ഉര്‍ദുഗാന്‍ രംഗത്തുവന്നിരിക്കുന്നത്. ജര്‍മനിയിലെ പ്രാദേശിക ഭരണകൂടമാണ് തുര്‍ക്കി ജസ്റ്റിസ് മന്ത്രി ബകിര്‍ ബൊസ്ദാഗ് പങ്കെടുക്കേണ്ട പരിപാടി വെട്ടിച്ചുരുക്കിയത്. ഇതിന് പിന്നാലെ ജര്‍മന്‍ അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞിരുന്നു. മറ്റൊരു സംഭവത്തില്‍ സാമ്പത്തികകാര്യ മന്ത്രി പങ്കെടുക്കേണ്ട പരിപാടിക്കും ജര്‍മന്‍ അധികൃതര്‍ അനുമതി നിഷേധിച്ചു.

രണ്ടു പരിപാടിയും ഭരണഘടനാ മാറ്റം സംബന്ധിച്ച് നടക്കുന്ന ഹിതപരിശോധനയിലെ സര്‍ക്കാര്‍ അനുകൂല നിലപാടിന്റെ പ്രചാരണത്തിനാണ് സംഘടിപ്പിച്ചത്. അതേസമയം, തുര്‍ക്കി പ്രസിഡന്റിന്റെ ആരോപണം അസംബന്ധമാണെന്ന് ജര്‍മന്‍ വിദേശമന്ത്രാലയം പ്രതികരിച്ചു. റാലികള്‍ റദ്ദാക്കിയതില്‍ ജര്‍മന്‍ സര്‍ക്കാരിന് പങ്കില്ല. എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടി തുര്‍ക്കി അവസാനിപ്പിക്കണമെന്നും ജര്‍മനി ആവശ്യപ്പെട്ടു.

എര്‍ദുഗാന്‍ സര്‍ക്കാറിന്റെ ജനകീയത വിലയിരുത്തപ്പെടുന്ന ഹിതപരിശോധനയുടെ പ്രചാരണം തടസ്സപ്പെടുത്തിയതാണ് തുര്‍ക്കിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനുള്ള ജനഹിതപരിശോധന ഏപ്രിലില്‍ തുര്‍ക്കിയില്‍ നടക്കുകയാണ്. ജര്‍മനിയിലുള്ള ഏകദേശം 14 ലക്ഷം തുര്‍ക്കി പൌരന്മാരുടെ പിന്തുണ തേടിയാണ് റാലികള്‍ സംഘടിപ്പിക്കുന്നത്. അതേസമയം, ജര്‍മന്‍ സര്‍ക്കാറിന് പരിപാടികള്‍ക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ ബന്ധമില്ലെന്നും നഗരസഭകളുടെ സാധാരണ നടപടി മാത്രമാണിതെന്നും ചാന്‍സലര്‍ അംഗല മെര്‍കല്‍ പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.