
സ്വന്തം ലേഖകൻ: സൂയസ് കനാലിൽ ഗതാഗതം മുടക്കിയ ഭീമൻ ചരക്കുകപ്പൽ വലിച്ചുനീക്കാനുള്ള ശ്രമങ്ങൾ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കപ്പലിനടിയിലെ മണൽ നീക്കം ചെയ്യാൻ ഡ്രജിങ് നടത്തിയിരുന്നു. വേലിയേറ്റ സമയം പ്രയോജനപ്പെടുത്തി കപ്പൽ വലിച്ചുനീക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
ഗതാഗതം മുടങ്ങിയതോടെ 260 ചരക്കുകപ്പലുകളാണ് ഇരുവശത്തും കാത്തുകിടക്കുന്നത്. എവർഗ്രീൻ മറീൻ കമ്പനിയുടെ 400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള എവർ ഗിവൺ കപ്പൽ ചൊവ്വാഴ്ച രാവിലെയാണു പ്രതികൂല കാലാവസ്ഥയിൽ കനാലിൽ കുടുങ്ങിയത്. ഡച്ച് കമ്പനിയായ റോയൽ ബോസ്കാലിസാണു കപ്പൽ നീക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
കപ്പലിന്റെ മുൻഭാഗത്തെ നൂറുകണക്കിനു കണ്ടെയ്നറുകൾ മാറ്റാനുള്ള ക്രെയ്നുകളും എത്തിയിട്ടുണ്ട്. ഇരുവശത്തും കാത്തു കിടക്കുന്ന കപ്പലുകളിൽ ഭക്ഷണവും വെള്ളവും പരമാവധി ഒരാഴ്ചത്തേയ്ക്കേയുള്ളൂ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കപ്പല്‍ചാലായ സൂയസ് കനാലില്‍ ഗതാഗതം നിലച്ചതോടെ ആഗോള വ്യാപകമായി ഷിപ്പിങ് കമ്പനികള്‍ വലിയ നഷ്ടത്തിലേക്കെന്ന് റിപ്പോർട്ടുകൾ.
ഗതാഗതം സാധാരണ നിലയിലെത്താന്‍ ഇനിയും ആഴ്ചകള്‍ എടുക്കും. കണ്ടെയ്‌നര്‍ ക്ഷാമം, അസാമാന്യ തിരക്ക്, പോര്‍ട്ടുകളിലെ താമസം എന്നിവയും വർധിച്ചേക്കും. ഇതു മറികടക്കാന്‍ കാലതാമസമോ ദൈര്‍ഘ്യമേറിയ റൂട്ടുകളിലേക്കുള്ള വഴി തിരിച്ചുവിടലോ വേണ്ടി വന്നേക്കും. ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും കയറ്റുമതി ചെയ്യുന്നതും കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപരീത ദിശയിലേക്ക് നീങ്ങുന്നതിനും ഇത് വഴിയൊരുക്കും.
ആഗോള വ്യാപാരത്തിന്റെ 12% കൈകാര്യം ചെയ്യുന്ന കനാല്‍ മറികടക്കാന്‍ ഓയില്‍ ടാങ്കറുകളും ഡസന്‍ കണക്കിന് കണ്ടെയ്‌നര്‍ കപ്പലുകളും ഉള്‍പ്പെടെ 237 കപ്പലുകള്‍ കാത്തുകിടക്കുന്നതായാണ് വെള്ളിയാഴ്ച സൂയസ് കനാൽ അതോറിറ്റി അറിയിച്ചത്.
സൂയസ് കനാലില്‍ എവര്‍ ഗിവണ്‍ വഴിമുടക്കിയതോടെ ചരക്ക് കപ്പലുകള്‍ പലതും വഴിതിരിച്ചുവിടുകയാണ്. തെക്കേ ആഫ്രിക്കന്‍ മേഖലയില്‍ കൂടിയുള്ള വഴിതിരിച്ചുവിടല്‍ ചരക്ക് നീക്കത്തിന് ആഴ്ചകളുടെ കാലതാമസമാണ് ഉണ്ടാക്കുക. ചെലവും കൂടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല