1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2020

സ്വന്തം ലേഖകൻ: ദുബായ് ആതിഥേയത്വം വഹിക്കുന്ന ജൈടെക്സ് 40ാം പതിപ്പ് ദുബായ് വേൾഡ് ട്രേഡ് സെൻററിൽ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഹംദാൻ ബിൻ മുഹമ്മദ് റാശിദ് ആൽ മക്​തൂം ഉദ്ഘാടനം ചെയ്തു. 60 രാജ്യങ്ങളിൽ നിന്നുള്ള 1200 കമ്പനികൾ പങ്കെടുക്കുന്ന മേള നാളെയുടെ ജീവിതംതന്നെയാണ് സാങ്കേതികത്തികവിലൂടെ വരച്ചുകാട്ടുന്നത്. സംസാരിച്ചുകഴിഞ്ഞാൽ റോബോട്ട് തന്നെയാണോ എന്ന് സംശയിച്ചുപോകുന്ന ഹ്യൂമനോയിഡ് റോബോകളാണ് ഇക്കുറിയും താരങ്ങൾ.

ഇത്തിസാലാത്തി​െൻറ സ്​റ്റാളിൽ എല്ലാവർക്കും കൈകൊടുത്ത് സംസാരിക്കുകയും സെൽഫിക്ക് പോസ് ചെയ്യുകയും ചെയ്യുന്ന അഡ്രാൻ എന്ന നീല മനുഷ്യ റോബോട്ട് ഇതിനകം തന്നെ സന്ദർശകരുടെ പ്രധാന ആകർഷണമായിക്കഴിഞ്ഞു. ഓർഡർ ചെയ്താൽ കാപ്പി തയാറാക്കി കൈയിൽ വെച്ചുതരുന്ന റോബോട്ട് മുതൽ ക്ലാസിലെ മുഴുവൻ കാര്യങ്ങളും പഠിപ്പിക്കുകയും ഒപ്പം പെരുമാറ്റം മുതൽ വ്യായാമമുറകൾ വരെ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്ന റോബോട്ടുകൾ വരെ ഇക്കുറി സ്ഥാനം പിടിച്ചിട്ടുണ്ട്.

റോഡിൽനിന്ന് യാത്രക്കാരെ എടുത്ത് ആകാശത്തിലൂടെ അതിവേഗം പറക്കുന്ന എയർ ടാക്സി, കേൾവി ശക്തിയില്ലാത്തവർക്കും സംഗീതം ആസ്വദിക്കാൻ കഴിയുന്ന വി.ആർ ഷർട്ടുകൾ തുടങ്ങി സ്വപ്നമെന്ന് തോന്നുന്ന വിസ്മയക്കാഴ്ചകളാണ് ആഗോള സാങ്കേതിക വാരാഘോഷമായ ജൈടെക്​സി​െൻറ ഓരോ പവലിയനിലും കാണാനാകുക. നിർമിതബുദ്ധി, വി.ആർ -എ.ആർ സങ്കേതങ്ങൾ, ബ്ലോക്ക് ചെയിൻ തുടങ്ങി നവീന സാങ്കേതികവിദ്യകൾ ഗതാഗതം, ആരോഗ്യപരിപാലനം, പൊലീസിങ്, ഫുഡ്​, സുരക്ഷ സംവിധാനങ്ങൾ​, ബാങ്കിങ് തുടങ്ങി ജീവിതത്തി​ന്റെ സകല മേഖലകളിലും ചെലുത്തുന്ന സ്വാധീനം പ്രകടമാക്കുന്നതാണ്​ ജൈടെക്​സ്​ പ്രദർശനം.

നൂതന ഡിജിറ്റൽ സേവനങ്ങൾ വിശദമാക്കി ജൈറ്റക്‌സിൽ അബുദാബി പോലീസ്. പൊതുജനങ്ങളുമായി എളുപ്പത്തിൽ ആശയവിനിമയം സാധ്യമാക്കുന്ന രീതികൾ, പ്രശ്‌നപരിഹാരങ്ങൾക്ക് പ്രയോജനപ്പെടുത്തുന്ന സംവിധാനങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. ഗവൺമെന്റ് സർവീസ് വിഭാഗം മേധാവി അലി റാഷിദ് അൽ കെത്ബി പോലീസ് പവിലിയനിൽ സേവനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പുതിയ സാങ്കേതിക മാറ്റങ്ങൾ പ്രായോഗികമാക്കുന്നതിൽ ജൈറ്റക്‌സ് വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് ലീഡർഷിപ്പ് അഫയർ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ നാസർ സുൽത്താൻ അൽ യബ്ഹൗനി പറഞ്ഞു.

പതിവ് രാജ്യങ്ങൾക്കൊപ്പം ഇക്കുറി ഇസ്രായേലും ജൈടെക്സിൽ പങ്കെടുക്കുന്നുണ്ട്. ബഹ്റൈൻ, ജപ്പാൻ, യു.എസ്.എ, യു.കെ, ബെൽജിയം, ബ്രസീൽ, ഇറ്റലി, ഹോങ്കോങ്, പോളണ്ട്, റഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ നിരവധി കമ്പനികളാണ് മേളയിലുള്ളത്. അബൂദബി, അജ്മാൻ ഗവൺമെൻറുകളുടെ പവലിയനുകളും ജൈടെക്സിലുണ്ട്.

പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രദർശനം തുടരുന്നത്. ആഴ്ചകൾ നീണ്ട അണുമുക്തമാക്കൽ പൂർത്തിയാക്കിയ ശേഷമാണ് സാങ്കേതികമേള നടക്കുന്ന ദുബായ് വേൾഡ് ട്രേഡ് സെൻറർ ആഗോളതലത്തിലുള്ള സാങ്കേതികവിദഗ്ധരെയും അതിഥികളെയും കാഴ്ചക്കാരെയും വരവേറ്റത്. മുഴുവൻ സമയ ശുചീകരണത്തിനും അണുമുക്തമാക്കലിനും നൂറുകണക്കിന് വളൻറിയർമാരാണ് പ്രദർശനനഗരിയിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.