
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിലെ ചാമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരണം ഉയരുന്നു. ഇതുവരെ മരണം 14 ആയി. 200 ലധികം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പടുകൂറ്റന്‍ ജലപാതം അളകനന്ദ നദീതടത്തെയും താപവൈദ്യൂതി നിലയത്തെയും അഞ്ചു പാലങ്ങളെയും പൂര്‍ണ്ണമായും തകര്‍ത്തു. റോഡുകളും ഒലിച്ചു പോയതിനാല്‍ ഗ്രാമീണരെ മാറ്റിപാര്‍പ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് അധികൃതര്‍. സൈന്യവും ദുരന്ത നിവാരണ സേനയേയും വിന്യസിപ്പിച്ചിരിക്കുകയാണ്.
കാണാതായ 170 പേരില്‍ 148 പേര് എന്‍ടിപിസി പ്ലാന്റിലെ ജീവനക്കാരാണ്. ഋഷിഗംഗയിലെ 22 പേരെയുമാണ് കാണാതായിരിക്കുന്നത്. ദുരന്തത്തില്‍ ഇവര്‍ ഒറ്റപ്പെട്ടിരിക്കാമെന്നാണ് വിലയിരുത്തല്‍. 30 പേര് ഇപ്പോഴും രണ്ടര കിലോമീറ്റര്‍ നീളമുള്ള ടണലില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ രക്ഷിക്കാന്‍ രാത്രിയിലുടനീളം സുരക്ഷാ സേന ജോലി ചെയ്തെങ്കിലും കടുത്ത തണുപ്പും കീഴ്ക്കാം തൂക്കായ മലനിരയും ചെളിയും അവശിഷ്ടങ്ങളും ജോലി ദുഷ്ക്കരമാക്കുകയാണ്. ടണലില്‍ കുടുങ്ങിയ 12 പേരെ നേരത്തേ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് രക്ഷപ്പെടുത്തിയിരുന്നു.
വെള്ളമൊഴുക്കില്‍ തകര്‍ന്നുപോയ ചമോലി ജില്ലയിലെ തപോവന്‍ ഡാമില്‍ നിന്നും മണ്ണും ചെളിയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ജോലിയിലാണ് ഉത്തരാഘണ്ട് ദുരന്ത നിവാരണ വിഭാഗം. 13 ഗ്രാമങ്ങളെ മലനിരകളുമായി ബന്ധിപ്പിച്ചിരുന്ന ഇടുങ്ങിയ പാതകളെ ബന്ധിപ്പിച്ചിരുന്ന പാലങ്ങളാണ് ഒഴുകിപ്പോയത്. ധൗളിഗംഗ നദിയിലേക്ക് മഞ്ഞുമലയിടിഞ്ഞ് വീണുണ്ടായ ദുരന്തത്തില്‍ അളകനന്ദ, ധൗളിഗംഗ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. അതിനിടെ മഞ്ഞിടിച്ചിലിനുള്ള കാരണങ്ങള്‍ പഠനവിധേയമാക്കുകയാണ്.
ചമോലി ജില്ല ഞായറാഴ്ച തന്നെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവ രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. നാലുലക്ഷം രൂപ വീതം ജീവന് നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറേേ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടുലക്ഷം കൂടി നല്‍കും. പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ അപകടത്തിന് കാരണം ആഗോളതാപനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. അതിനിടെ ഋഷിഗംഗ ഡാം നിര്‍മ്മിച്ചതിനെതിരേ നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട്. പരിസ്ഥിതി പരിഗണിക്കാതെയാണ് ഡാം നിര്‍മ്മിച്ചതെന്നും വാദമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല