1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2022

സ്വന്തം ലേഖകൻ: അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ അഞ്ച് ഭൂഖണ്ഡങ്ങളില്‍ ശക്തമായ വ്യാപാര സാന്നിധ്യമാവാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ഗ്ലോബല്‍ ദുബായ് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അഞ്ച് ഉപഭൂഖണ്ഡങ്ങളില്‍ 50 സമഗ്ര വ്യപാര ഓഫീസുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് ദുബായ് കിരീടാവാകാശിയും ദുബായ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറിയിച്ചു.

ദുബായിയെ ആഗോള ബിസിനസ് ഹബ്ബാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഏറ്റവും മികച്ച 30 വ്യപാര മേഖലകളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇതിലൂടെ ഒരുക്കും. അഞ്ച് ഭൂഖണ്ഡങ്ങളിലായി ദുബായിയുടെ 50 സംയോജിത വാണിജ്യ ഓഫീസുകളാണ് പദ്ധതിയിലൂടെ തുറക്കുന്നത്. ഈ ഓഫീസുകള്‍ വഴി ലോകത്തെ സുപ്രധാന മാര്‍ക്കറ്റുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ദുബായിലെ കമ്പനികള്‍ക്ക് മികച്ച ലോജിസ്റ്റിക്സ് സഹായം നല്‍കും.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മുക്തൂമിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളാണ് ആഗോള തലത്തില്‍ ദുബായിയെ മികച്ച ബിസിനസ് ഹബ്ബാക്കി മാറ്റാന്‍ സഹായകമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കും സുസ്ഥിരതയും വളര്‍ച്ചയും ഉറപ്പാക്കുന്നതിന് നൂതന അടിസ്ഥാന സൗകര്യങ്ങളും മികച്ച നിയമ വ്യവസ്ഥകളും ലോകോത്തര സേവനങ്ങളുമാണ് ലഭ്യമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളെ ആഗോളവല്‍ക്കരിക്കുക, രാജ്യത്തേക്ക് ആഗോള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, ആഗോള ബിസിനസ് മേഖലകളില്‍ പുതിയ വിപണികള്‍ കണ്ടെത്തുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 30 പുതിയ മാര്‍ക്കറ്റുകള്‍ തുറക്കുകയും ആയിരക്കണക്കിന് നിക്ഷേപകരെ അവിടങ്ങളിലേക്ക് ആകര്‍ഷിക്കുകയും അതുവഴി ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക സാഹചര്യം സൃഷ്ടിക്കുകയും ചെയ്യാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഇരട്ടിയാക്കും. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് കേന്ദ്രമായി ദുബായിയെ മാറ്റാനും ജീവിത ഗുണനിലവാരത്തില്‍ മുന്‍പന്തിയിലെത്തിക്കാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുബായ് ചേംബറിന്റെയും മറ്റു സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും സംവിധാനങ്ങളുമായും സഹകരിച്ചണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്ലോബല്‍ ദുബായിയുടെ ഭാഗമായുള്ള 50 വ്യാപാര ഓഫീസുകളുടെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തുക. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപകരെയും പ്രതിഭകളെയും ബിസിനസുകളെയും ആകര്‍ഷിക്കാന്‍ പദ്ധതി സഹായകമാവും.

30 ആഗോള മാര്‍ക്കറ്റുകളില്‍ തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാന്‍ ദുബായ് കമ്പനികള്‍ക്ക് അത് വഴിയൊരുക്കുകയും ചെയ്യും. ആഗോള കമ്പോളങ്ങളെ കുറിച്ച് ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ ഉതകുന്ന രീതിയില്‍ മാര്‍ക്കറ്റ് റിസേര്‍ച്ചിന് പദ്ധതിയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കും. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങളും കമ്പനികള്‍ക്ക് ലഭ്യമാക്കും. ഓരോ കേന്ദ്രങ്ങളിലും ബിസിനസ് സ്ഥാപിക്കുന്നതിന് അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഇത് സഹായകമാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.