സ്വന്തം ലേഖകൻ: ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കുടിയേറ്റ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നുപോകുന്നത്; അടുത്ത വർഷത്തോടെ വിവിധ രാജ്യങ്ങളിൽ പുതിയ വീസ നയം നടപ്പിൽ വന്നേക്കും. ചില രാജ്യങ്ങളിൽ കുടിയേറ്റം തടയുന്നതിനോ കുറയ്ക്കുന്നതിനോ പ്രാഥമിക പരിഗണന നൽകിയാണ് വീസ നയങ്ങളിൽ മാറ്റം വരുന്നത്. അതേസമയം മറ്റു ചില രാജ്യങ്ങൾ വിനോദസഞ്ചാര കുതിപ്പും വ്യവസായിക വളർച്ചയുമാണ് പുതിയ വീസ നയത്തിലൂടെ ലക്ഷ്യമിടുന്നത്.
യുകെ നേരിടുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്നായാണ് വർധിച്ചുവരുന്ന കുടിയേറ്റത്തെ ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ നേതാക്കൾ പലരും കാണുന്നത്. അടുത്ത വർഷം രാജ്യം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ, വർധിക്കുന്ന കുടിയേറ്റം തടയാൻ ഫലപ്രദമായി ഇടപെട്ടുവെന്ന പ്രതീതി സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
അതിനായി പുതിയ ഇമിഗ്രേഷൻ വ്യവസ്ഥകൾ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വീസ കച്ചവടവും മനുഷ്യക്കടത്തും തടയാനായി, കെയറർ വീസ നൽകുന്നത് കർശനമായി ചുരുക്കുമെന്നു പ്രഖ്യാപിച്ചു. വിദ്യാർഥി വീസയിലെത്തി തൊഴിൽ തേടുന്നവരെയും പുതിയ വീസ നയം പ്രതികൂലമായി ബാധിക്കും. രാജ്യത്ത് നിലവിൽ ഏഴരലക്ഷം കുടിയേറ്റക്കാരുണ്ട്. ഇത് പകുതിയാക്കാനാണ് പുതിയ നയമെന്ന് ബ്രിട്ടിഷ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയാകട്ടെ രണ്ടു വർഷത്തിനുള്ളിൽ കുടിയേറ്റത്തിന്‍റെ തോത് പകുതിയായി കുറയ്ക്കുമെന്നു പ്രഖ്യാപിച്ച് അതിനുള്ള പദ്ധതികളിലേക്ക് കടക്കുകയാണ്. 2025 ജൂണോടെ വാർഷിക കുടിയേറ്റം 250,000 ആയി കുറയ്ക്കുന്നതിനുള്ള സർക്കാർ നയം നടപ്പാക്കണമെങ്കിൽ ശക്തമായ നടപടി വേണ്ടി വരും. കുടിയേറ്റം റെക്കോർഡ് തലത്തിലേക്ക് ഉയർന്നതോടെ 10 വർഷത്തേക്കുള്ള പുതിയ ഇമിഗ്രേഷൻ നയമാണ് സർക്കാർ രൂപീകരിക്കുകയെന്ന് ആഭ്യന്തര മന്ത്രി ക്ലെയർ ഒ നീൽ വ്യക്തമാക്കിരുന്നു. വിദ്യാർഥികളെയും ഓസ്ട്രേലിയയിൽ ജോലി തേടി പോകുന്ന വിദേശികളെയും പുതിയ നയം പ്രതികൂലമായി ബാധിക്കും.
അമേരിക്കയിൽ വിദേശികളായ വിദഗ്ധ ജോലിക്കാർക്കു മാതൃരാജ്യത്തേക്കു മടങ്ങാതെ വീസ പുതുക്കുന്നതിനുള്ള പദ്ധതി ഈ മാസം ആരംഭിച്ചിട്ടുണ്ട്. 3 മാസം കൊണ്ട് 20,000 പേർക്ക് ഇങ്ങനെ വീസ പുതുക്കി നൽകുന്നതിനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ലക്ഷ്യമിടുന്നത്. യുഎസിലുള്ള 10 ലക്ഷത്തോളം എച്ച്–1ബി വീസക്കാരിൽ നല്ലൊരു ശതമാനവും ഇന്ത്യക്കാരായതിനാൽ പദ്ധതി ഇന്ത്യക്കാർക്ക് പ്രയോജനപ്പെടും.
അതേസമയം, അടുത്ത വർഷം നവംബർ അഞ്ചിന് യുഎസിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പാണ്. 2025 ൽ മാത്രമാണ് ജയിക്കുന്നവർ ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുകയെങ്കിലും അവസാനവട്ട വോട്ടുകൾ ഉറപ്പിക്കുന്നതിന് കുടിയേറ്റത്തെയും വീസ നയങ്ങളയും സംബന്ധിച്ച് നിലവിലെ സർക്കാർ പുതിയ തീരുമാനങ്ങൾ എടുക്കാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു.
കുവൈത്തിൽ എല്ലാത്തരം എൻട്രി വീസകൾക്കും പുതിയ സംവിധാനം നടപ്പാക്കാനാണ് നീക്കം. മെഡിക്കൽ സ്റ്റാഫ്, കൺസൽറ്റന്റുമാർ, അപൂർവ സ്പെഷലൈസേഷനുകൾ ഉള്ളവർ എന്നിവരെ നിലനിർത്തുന്നതിനായുള്ള നീക്കം അടുത്ത വർഷം പ്രാബല്യത്തിൽ വരും. ഫാമിലി വീസകളെക്കുറിച്ചും നിർണായക തീരുമാനം ഉണ്ടായേക്കും.
ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ഏകീകൃത ഗൾഫ് വീസ സംവിധാനം അടുത്ത വർഷത്തോടെ നിലവിൽ വരും. ഇതോടെ ഒരാറ്റ വീസയിലൂടെ എല്ലാ ജിസിസി രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കും. വിനോദ സഞ്ചാരവും വാണിജ്യ വ്യാപാര പുരോഗതിയുമാണ് ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമിടുന്നത്.
ഇത് തൊഴിൽ ലഭ്യത വർധിക്കുന്നതിന് ഇടയാക്കുമെന്നതിനാൽ പ്രവാസികൾക്കു ഗുണകരമാണ്. അതേസമയം, വീസകാലാവധി കഴിഞ്ഞതിനു ശേഷവും രാജ്യം വിടാത്തവർക്കെതിരെ നടപടിയുണ്ടാകും. അവർക്ക് പ്രതിദിനം 100 KD (ദിർഹം1,192) പിഴ ചുമത്താനുള്ള പദ്ധതി കുവൈത്ത് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല