1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2015

സ്വന്തം ലേഖകന്‍: പാരീസില്‍ ഭൂമിയുടെ നെഞ്ചു തണുപ്പിക്കാന്‍ ലോകനേതാക്കള്‍ ചൂടുപിടിച്ച ചര്‍ച്ചയില്‍. ആഗോളതാപനമാണ് പാരീസില്‍ നടക്കുന്ന ഇരുപത്തൊന്നാമത് യു.എന്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ പ്രധാന വിഷയം. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി 150 ഓളം പ്രമുഖ ലോകനേതാക്കള്‍ രണ്ടാഴ്ച നീളുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ആഗോള താപനത്തിനെതിരായ പോരാട്ടത്തില്‍ ലോകം വഴിത്തിരിവിലാണെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ അഭിപ്രായപ്പെട്ടു.’നാം പാരിസിലത്തെിയത് സ്വന്തം ജനതയേയും മൂല്യങ്ങളെയും സംരക്ഷിക്കാനുള്ള ഇച്ഛാശക്തിയുടെ ഭാഗമായാണ്. ഈ നിര്‍ണായകസമ്മേളനം നടക്കണമെന്ന് തീരുമാനിച്ച പാരിസിലെ ജനങ്ങളെ അനുമോദിക്കുന്നു’ ഒബാമ പറഞ്ഞു.

മറ്റേതു വെല്ലുവിളിയെക്കാളും പുതിയ നൂറ്റാണ്ടിന്റെ രൂപരേഖ നിര്‍ണയിക്കുന്നത് കാലാവസ്ഥാവ്യതിയാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുപോലൊരു രാഷ്ട്രീയനീക്കം ഇനിയുണ്ടാകില്ലെന്നും മുന്നിലുള്ളത് വലിയ പരീക്ഷണമെന്നപോലെ അവസരവുമാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു.

ആറു വര്‍ഷം മുമ്പ് കോപന്‍ഹേഗനില്‍ പരാജയപ്പെടുകയും ഡര്‍ബനില്‍ സമവായമാകാതെ പിരിയുകയും ചെയ്ത ചര്‍ച്ചകള്‍ക്ക് ഫലപ്രദമായ തുടര്‍ച്ചതേടിയാണ് 197 രാജ്യങ്ങളിലെ 40,000 ത്തോളം പ്രതിനിധികള്‍ വീണ്ടും ഒത്തുകൂടുന്നത്.

ലോകം വന്‍ ദുരന്തത്തിന്റെ മുനമ്പിലാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുകയും സൗരോര്‍ജമുള്‍പ്പെടെ ഹരിത ഊര്‍ജ സംവിധാനങ്ങള്‍ കൂടുതല്‍ പ്രാമുഖ്യംനേടുകയും ചെയ്ത പുതിയ സാഹചര്യത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കുന്ന ഉടമ്പടിക്ക് അന്തിമരൂപം നല്‍കാനാവുമെന്നാണ് പ്രതീക്ഷ.

വ്യവസായ വിപ്ലവത്തിനു ശേഷം അന്തരീക്ഷ താപത്തില്‍ ഒരു സെല്‍ഷ്യസ് വര്‍ധനയുണ്ടായതായാണ് കണക്ക്. ഇത് രണ്ടു സെല്‍ഷ്യസില്‍ കൂടുതലായാല്‍ ലോകത്ത് മനുഷ്യവാസം ദുസഹമാകും. എന്നാല്‍, നിലവിലെ തോതില്‍ പുരോഗമിച്ചാല്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഗോളതാപനം അഞ്ചു സെല്‍ഷ്യസ് ഉയരുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് കുറച്ചുകൊണ്ടുവരുന്ന കരാറിനാണ് ഉച്ചകോടി ശ്രമിക്കുന്നത്. അതേസയം സൗരോര്‍ജ്ജം ഉള്‍പ്പെടെയുള്ള ഹരിത ഊര്‍ജ മാര്‍ഗങ്ങള്‍ക്ക് 2000 കോടി വാഗ്ദാനവുമായി വന്‍ ശക്തികള്‍ രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.