
സ്വന്തം ലേഖകൻ: സർവിസുകൾ റദ്ദാക്കിയ ഗോ ഫസ്റ്റ് വിമാനക്കമ്പനി ടിക്കറ്റ് തുക ഒരുമാസമായിട്ടും തിരിച്ചു നൽകാത്തത് യാത്രക്കാർക്ക് പ്രയാസമാകുന്നു. മേയ് ആദ്യവാരം സാങ്കേതിക തകരാർ കാരണം ഗോ ഫസ്റ്റിന്റെ നിരവധി സർവിസുകൾ റദ്ദ് ചെയ്തിരുന്നു. ആ സമയങ്ങളിൽ ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകൾ അടുത്ത തീയതിയിലേക്ക് മാറ്റി നൽകാൻ വിമാനക്കമ്പനി അനുവദിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ഒരു സർവിസ് പോലും നടത്താൻ ഗോ ഫസ്റ്റിന് കഴിഞ്ഞില്ല. ചില ട്രാവൽ ഏജൻസികൾ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് തുകക്ക് അധികം വരുന്ന തുക മാത്രം വാങ്ങി മറ്റു വിമാനങ്ങളിൽ യാത്രക്കാർക്ക് സീറ്റ് തരപ്പെടുത്തി കൊടുത്തിരുന്നു.
അങ്ങനെ ചെയ്ത ട്രാവൽ ഏജൻസികളും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. വിമാന സർവിസ് നടത്താതിരുന്ന ടിക്കറ്റ് തുക ഗോ ഫസ്റ്റ് നൽകുമെന്നുള്ള വിശ്വാസത്തിലാണ് ട്രാവൽ ഏജൻസികൾ ഇങ്ങനെ ചെയ്തിരുന്നത്. ട്രാവൽ ഏജൻസികളിൽനിന്ന് വിളി വരുമ്പോഴാണ് ടിക്കറ്റ് തുക ഗോ ഫസ്റ്റ് നൽകിയിട്ടില്ലെന്ന കാര്യം യാത്രക്കാർ അറിയുന്നത്.
അന്നു ടിക്കറ്റെടുത്തവർക്ക് നിവിൽ വലിയ ബാധ്യതയാണ് വന്നിരിക്കുന്നത്. കുടുംബവുമായി യാത്ര ചെയ്തവർക്ക് അന്നത്തെ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് നിരക്ക് ഒരാൾക്ക് അമ്പത് റിയാൽവെച്ച് ഇപ്പോൾ ട്രാവൽസ് ഏജന്റിന് തിരിച്ചുകൊടുക്കണം. നാല് അംഗങ്ങളുള്ള കുടുംബങ്ങളാണെങ്കിൽ 200റിയാൽവരെ അടക്കേണ്ടിവരും. റദ്ദാക്കിയ സർവിസിന്റെ ടിക്കറ്റ് തുക പോയന്റ് ഓഫ് സെയിൽസ് വഴി തിരിച്ചു നൽകുമെന്നായിരുന്നു നേരത്തേ വിമാനക്കമ്പനി അധികൃതർ യാത്രക്കാർക്ക് നൽകിയ വിവരം.
ബാങ്ക് ട്രാൻസ്ഫർ, യു.പി.ഐ, ക്രെഡിറ്റ് കാർഡ് തുടങ്ങി ഏത് പോയന്റിലൂടെയാണോ ടിക്കറ്റ് തുക ഗോ ഫസ്റ്റിന് നൽകിയത്, അതേ സെയിൽസ് പോയന്റിലേക്ക് തുക തിരിച്ചുനൽകുമെന്നായിരുന്നു വിശദീകരണം. എന്നാൽ, ഇതുവരെയും തുക തിരിച്ചു നിക്ഷേപിച്ചിട്ടില്ല. വിറ്റ ടിക്കറ്റിന്റെ തുക ട്രാവൽ ഏജൻസികൾക്ക് ഗോ ഫസ്റ്റ് അനുവദിച്ച പോർട്ടലിൽതന്നെ തിരിച്ചു നിക്ഷേപിക്കുമെന്നാണ് ലഭ്യമായ വിവരം. ജൂലൈ ഏഴുവരെ എല്ലാ സർവിസുകളും ഗോ ഫസ്റ്റ് റദ്ദാക്കിയെന്നാണ് വെബ്സൈറ്റിൽ കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല