1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2023

സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഗോ ഫസ്റ്റ് സര്‍വീസുകള്‍ റദ്ദാക്കിയത് മേയ് 28 വരെ നീട്ടി. നേരത്തെ മേയ് 26 വരെ സര്‍വീസുകള്‍ റദ്ദാക്കുമെന്നായിരുന്നു ഗോ ഫസ്റ്റ് അറിയിച്ചിരുന്നത്. അതേസമയം, താമസിയാതെ സര്‍വീസുകള്‍ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയും ഗോ ഫസ്റ്റ് പങ്കുവെച്ചു. വിമാന എന്‍ജിനുകളുടെ തകരാറു മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് നിലവില്‍ പാപ്പരത്ത നടപടികളിലാണ്. കഴിഞ്ഞ മേയ് മൂന്നിന്‌ രാജ്യത്തുടനീളം സര്‍വീസ് നിര്‍ത്തിവെക്കുന്നതായി കമ്പനി അറിയിച്ചിരുന്നു.

ഇതോടെ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാരുടേയും പണം തിരികെ നല്‍കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.ഐ) നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. മേയ് 15 വരെ ഗോ ഫസ്റ്റ് ടിക്കറ്റ് വില്‍പനയും കമ്പനി നിര്‍ത്തിവെച്ചിരുന്നു. ഡി.ജി.സി.ഐയുടെ ഓഡിറ്റിനു ശേഷമാകും ഗോ ഫസ്റ്റ് സര്‍വീസുകള്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമാകുക.

വിമാനത്തിന്റെ എന്‍ജിന്‍ ലഭ്യമാക്കുന്നതില്‍ അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുടെ ഇന്റര്‍നാഷണല്‍ എയ്റോ എന്‍ജിന്‍ വീഴ്ചവരുത്തിയതാണ് ഗോ ഫസ്റ്റിനെ വലിയ പ്രതിസന്ധിയിലേക്കു തള്ളിവിട്ടത്. 2019 ഡിസംബറില്‍ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി നല്‍കിയ എന്‍ജിനുകളില്‍ ഏഴ് ശതമാനം മാത്രമായിരുന്നു തകരാറിലായത്. 2020 ഡിസംബറിലിത് 31 ശതമാനമായും 2022 ഡിസംബറില്‍ 50 ശതമാനമായും കൂടി. പുതിയ എന്‍ജിന്‍ സമയബന്ധിതമായി ലഭ്യമാക്കാമെന്ന ഉറപ്പുകളും ലംഘിക്കപ്പെട്ടു. ഇത് ഗോ ഫസ്റ്റിന്റെ പണലഭ്യതയേയും ബാധിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.