1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2022

സ്വന്തം ലേഖകൻ: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തില്‍ മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മുന്‍മന്ത്രി കെ.ടി.ജലീല്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. ഷാര്‍ജയില്‍ സുഹൃത്തിന്റെ കോളജിന് ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന്‍ വഴിവിട്ട് ഇടപെട്ടു എന്നും കോണ്‍സുലേറ്റ് ജനറലിന് കോഴനല്‍കിയെന്നും സ്വപ്ന ആരോപിക്കുന്നു. ഷാര്‍ജാ ഭരണാധികാരിക്ക് ഡി.ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദം ചെലുത്തിയെന്നും സത്യവാങ്മൂലത്തിലുണ്ട്.

സുഹൃത്ത് നിയന്ത്രിക്കുന്ന മിഡില്‍ ഈസ്റ്റ് കോളജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാനായി വഴിവിട്ട് ഇടപെട്ടു എന്നാണ് പി.ശ്രീരാമകൃഷ്ണനെതിരായ ആരോപണം. ഇതിനായി ഷാര്‍ജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. ഇടപാടുകള്‍ വേഗത്തിലാക്കാന്‍ കോണ്‍സുലേറ്റ് ജനറലിന് ശ്രീരാമകൃഷ്ണന്‍ കൈക്കൂലി കൊടുത്തെന്നു സത്യവാങ്മൂലത്തിലുണ്ട്. സരിത്തിനെയാണ് പണമടങ്ങിയ ബാഗ് ഏല്‍പ്പിച്ചത്. കോണ്‍സുലേറ്റ് ജനറലിന് പണം നല്‍കിയശേഷം ബാഗ് സരിത്തെടുത്തു. ഇത് സരിത്തിന്റെ വീട്ടില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തതായും സ്വപ്ന ആരോപിക്കുന്നു. സ്വര്‍ണക്കടത്തിലും കള്ളപ്പണ ഇടപാടിലുമെല്ലാം കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ആരോപണ നിഴലിലായ വ്യക്തികളാണ് ജലീലും ശ്രീരാമകൃഷ്ണനും‌.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ലോജിസ്റ്റിക് ഉടമ മാധവന്‍ വാര്യര്‍ കെ.ടി.ജലീലിന്റെ ബിനാമിയാണെന്ന് സ്വപ്ന ആരോപിക്കുന്നു. ജലീലിന്റെ ഇടപാടുകള്‍ക്ക് മാധവന്‍ വാര്യര്‍ മുന്നില്‍ നിന്നിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള കോണ്‍സുലേറ്റ് വഴിയും ജലീല്‍ ഖുറാന്‍ എത്തിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.