1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2015

സ്വന്തം ലേഖകന്‍: ഗൂഗിള്‍ പല കമ്പനികളായി പിരിഞ്ഞു, പുതിയ ഗൂഗിളിന്റെ അമരത്ത് ഇന്ത്യക്കാരന്‍. ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിള്‍ പല കമ്പനികളായി വിഭജിച്ചു. ആല്‍ഫബെറ്റ് എന്ന പുതിയ കമ്പനിയിലെ ഉപകമ്പനിയായിട്ടാണ് ഇനി ഗൂഗിള്‍ പ്രവര്‍ത്തിക്കുക. ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും തന്നെയാകും ആല്‍ഫബറ്റിന്റെ തലപ്പത്ത്. ലാറി പേജ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും, സെര്‍ജി ബ്രിന്‍ പ്രസിഡന്റുമായിരിക്കും.

വിഭജനത്തോടെ ഗൂഗിളിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചായെ നിയമിച്ചു. നിലവില്‍ വൈസ് പ്രസിഡന്റായിരുന്നു പിച്ചായ്. അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ ടെക് ചരിത്രത്തില്‍ സമഗ്രമായ മാറ്റങ്ങളാണ് ഗൂഗിള്‍ വരുത്തിയത്. കുറേ കമ്പനികള്‍ ചേരുന്നതായിരിക്കും ആല്‍ഫബറ്റ് എന്ന് ലാറി പേജ് തന്റെ ബ്ലോഗിലൂടെ ലോകത്തെ അറിയിച്ചു. ആല്‍ഫബറ്റിലെ ഏറ്റവും വലിയ കമ്പനി ഗൂഗിളുമായിരിക്കും

വിഭജനത്തോടെ പുതിയ ഗൂഗിള്‍ താരതമ്യേന ചെറിയ കമ്പനിയായി മാറും. പ്രധാന ഇന്റര്‍നെറ്റ് ഉത്പന്നങ്ങളൊക്കെ ആല്‍ഫബറ്റില്‍ തന്നെ നിലനിര്‍ത്തി. സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകള്‍, ഇന്റര്‍നെറ്റ് ബലൂണുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഗവേഷണ വിഭാഗമായ ഗൂഗിള്‍ എക്‌സും ഇനി ആല്‍ഫബറ്റിലെ ഒരു ഉപകമ്പനിയായിരിക്കും. ഡ്രോണ്‍ ഡെലിവറി പദ്ധതിയായി വിങ്, ഹൈസ്പീഡ് ഇന്റര്‍നെറ്റ് യൂണിറ്റായ നെസ്റ്റ് തുടങ്ങിയവയും ഉപകമ്പനികളാക്കി. വിഭജനത്തോടെ ഇതുവരെ ഗൂഗിള്‍ എന്തായിരുന്നോ അതാകും ഇനി ആല്‍ഫബറ്റ്.

ഗൂഗിളിന്റെ ഓഹരികളൊക്കെ ആല്‍ഫബറ്റിന്റെ ഓഹരികളായി സ്വാഭാവികമായി മാറും. സെര്‍ച്ച് എഞ്ചിന്‍, സെര്‍ച്ച് പരസ്യങ്ങള്‍, മാപ്പുകള്‍, ആപ്പുകള്‍, യൂട്യൂബ്, ആന്‍ഡ്രോയിഡ് എന്നിവ ഗൂഗിളില്‍ തന്നെ തുടരും. ലൈഫ് സയന്‍സ്(ഗ്ലൂകോസ്‌സെന്‍സിങ് കോണ്‍ടാക്ട് ലെന്‍സുകള്‍) കാലികോ എന്നിവയും വെവ്വേറെ കമ്പനികളാക്കി സ്വതന്ത്രമായി പ്രവര്‍ത്തിക്കുക എന്ന പരിഷ്‌കാരമാണ് നടപ്പില്‍ വരുത്തി.

സുന്ദര്‍ പിച്ചായിയുടെ നിര്‍ദേശങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍. ഗൂഗിളിന്റെ സി.ഇ.ഒ ആയി സുന്ദര്‍ പിച്ചായ് വരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പേജ് പറഞ്ഞു. പുതിയ സംരംഭങ്ങളായ ഗൂഗിള്‍ ഫോട്ടോസും ഗൂഗിള്‍ നൗവും മികച്ച പുരോഗതിയാണ് നേടുന്നതെന്ന് ലാറി പേജ് പറഞ്ഞു.

ഗൂഗിളിന്റെ ചരിത്രത്തില്‍ സുപ്രധാനമായ അധ്യായമായാണ് ഈ മാറ്റങ്ങളെ അദ്ദേഹം വിശേഷിപ്പിച്ചത്. ‘ആല്‍ഫബറ്റ് എന്ന പേരും ഞങ്ങള്‍ക്ക് ഏറെ ഇഷ്ടമായി, ഭാഷയെ പ്രതിനിധീകരിക്കുന്ന അക്ഷരങ്ങളുടെ കൂട്ടം എന്ന അര്‍ഥം വരുന്ന വാക്ക് തീര്‍ത്തും ഉചിതമാണെന്ന് ലാറി പേജ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.