1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2023

സ്വന്തം ലേഖകൻ: കുവൈത്തില്‍ സാംസംഗ് പേയ്ക്കും ആപ്പ്ള്‍ പേയ്ക്കുമൊപ്പം ഗൂഗിൾ പേ കൂടി നിലവില്‍ വന്നു. ആഗോള പേയ്മെന്റ് വ്യവസായത്തിലെ മുന്‍നിര സാങ്കേതിക കമ്പനിയായ മാസ്റ്റര്‍കാര്‍ഡ്, ഗൂഗിളുമായി സഹകരിച്ചാണ് കുവൈത്തില്‍ ഗൂഗിള്‍ പേ സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ ആന്‍ഡ്രോയിഡ് ഫോണുകളോ വിയര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം സപ്പോര്‍ട്ട് ചെയ്യുന്ന ഉപകരണങ്ങളോ വഴി ഗൂഗിൾ പേ സേവനം ഉപയോഗപ്പെടുത്താം. സ്റ്റോറുകളില്‍ പണമടയ്ക്കാന്‍ ഓണ്‍ലൈനായും ആപ്പുകള്‍ വഴിയും പേയ്മെന്റുകള്‍ നടത്താനും ഗൂഗിൾ പേ വഴി സാധിക്കും.

പണമിടപാട് കാര്‍ഡുകള്‍ കൈമാറാതെയും ഫിസിക്കല്‍ ബട്ടണുകളില്‍ സ്പര്‍ശിക്കാതെയും പണം കൈമാറ്റം ചെയ്യാമെന്നതിനാല്‍ കൂടുതല്‍ പേര്‍ ഗൂഗിൾ പേ സര്‍വീസിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വിവരങ്ങള്‍ പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ മേഖലകളിലും സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ഗൂഗിൾ പേയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

വെര്‍ച്വല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നത് എന്നതിനാല്‍ യഥാര്‍ത്ഥ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ ബിസിനസ് സ്ഥാപനങ്ങളുമായി ഗൂഗിൾ പേ പങ്കിടില്ല. അതിനാല്‍ പേയ്മെന്റ് വിവരങ്ങള്‍ സുരക്ഷിതമായി തുടരുമെന്നും അധികൃതര്‍ അറിയിച്ചു. പെയ്‌മെന്റ് കാര്‍ഡുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ബോര്‍ഡിംഗ് പാസുകള്‍ എന്നിവയും മറ്റും സുരക്ഷിതമായി സംഭരിക്കുന്ന ഡിജിറ്റല്‍ വാലറ്റായ ഗൂഗിൾ വാലറ്റില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ കാര്‍ഡുകള്‍ സൂക്ഷിക്കാം.

ഉയര്‍ന്ന സുരക്ഷയുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ഈ നടപടിയെന്നും രാജ്യത്തെ ഡിജിറ്റല്‍ മേഖലയില്‍ മുന്നോട്ടുനയിക്കുന്നതിനുള്ള കുവൈത്ത് വിഷന്‍ 2035 ‘ന്യൂ കുവൈത്ത്’ പദ്ധതികളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് ഇതെന്നും മാസ്റ്റര്‍ കാര്‍ഡിന്റെ കുവൈത്ത്, ഖത്തര്‍ കണ്‍ട്രി മാനേജര്‍ എര്‍ഡെം കാകര്‍ പറഞ്ഞു.

കുവൈത്ത് നാഷണല്‍ ബാങ്ക്, കമേഴ്സ്യല്‍ ബാങ്ക്, ബുര്‍ഗാന്‍ ബാങ്ക്, അഹ്ലി യുണൈറ്റഡ് ബാങ്ക് ഉള്‍പ്പടെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഗൂഗിള്‍ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട് വഴി ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് അറിയിച്ചു. ഫോണിലും സ്മാര്‍ട്ട് വാച്ചിലും മുഖം തിരിച്ചറിയല്‍, ഫിംഗര്‍പ്രിന്റ് ഐഡന്റിഫിക്കേഷന്‍ എന്നിവ ഉപയോഗിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും അതിവേഗത്തിലും ഇടപാടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും.

ഗൂഗിൾ പേ ആപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള പരിരക്ഷ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ബാങ്കുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയതായും അധികൃതര്‍ അറിയിച്ചു. അതേസമയം ഹാക്കിംഗില്‍ നിന്നും തട്ടിപ്പുകളില്‍ നിന്നും തങ്ങളുടെ മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളെയും അക്കൗണ്ടുകളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഉപഭോക്താക്കള്‍ പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.